ലൈഫ് ഭവന പദ്ധതി; 252 പേർക്കും വീട് നല്കാൻ നടപടിയുമായി പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത്
text_fieldsതിരൂരങ്ങാടി: പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പട്ടികയിൽ ഉള്‍പ്പെട്ട എല്ലാവര്ക്കും വീടിനുള്ള ധനസഹായം കൈമാറാൻ നടപടി ആരംഭിച്ചതായി പെരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്‍ കലാം മാസ്റ്റര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
2020ലെ ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 252 പേര്‍ക്കും വീട് നല്കുന്ന നടപടിയാണ് പൂര്‍ത്തീകരിച്ചത്. 100 ശതമാനം കരാറുടമ്പടി വെച്ചതിന്റെ പ്രഖ്യാപനം ഞായറാഴ്ച ഉച്ചക്ക് മൂന്നിന് പെരുവള്ളൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ നിർവഹിക്കും.
ജനറൽ വിഭാഗത്തില്‍നിന്ന് 29 പേരും പട്ടികജാതി വിഭാഗത്തില്‍നിന്ന് 72 പേരുടെയും വീട് നിർമാണം ഇതിനോടകം പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ നിർമാണം നടന്നുവരികയാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്ക്കും വീട് നല്‍കുന്നതോടെ പഞ്ചായത്തിലെ ലൈഫ് വീടുകളുടെ എണ്ണം 252 ആകും. ഹഡ്കോയില്‍നിന്ന് പഞ്ചായത്ത് കടമെടുത്ത മൂന്ന് കോടിയടക്കം പത്ത് കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.
പഞ്ചായത്ത് വിഹിതത്തോടപ്പം ജില്ല പഞ്ചായത്ത് 90 ലക്ഷം രൂപയും തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് 2.2 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ 1.69 കോടി രൂപയും നല്‍കും. വാര്‍ത്തസമ്മേളനത്തില്‍ സ്ഥിരംസമിതി അധ്യക്ഷന്മാരായ എ. ഹംസ ഹാജി, യു.പി. മുഹമ്മദ്, ആസൂത്രണ സമിതി ചെയര്മാന് ഇസ്മായീല്‍ കാവുങ്ങല്‍, സെയ്തലവി പൂങ്ങാടന്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.