എഴുപത് പിന്നിട്ടവരുടെ സംഗമ വേദിയൊരുക്കി ടി.എം. പാലിയേറ്റിവ് കെയർ സൊസൈറ്റി
text_fieldsതിരൂരങ്ങാടി: വീടകങ്ങളിലെ ഒറ്റപ്പെടലുകളിൽനിന്ന് പുറത്ത് കടന്ന് മനസ്സ് തുറന്ന് ചിരിക്കാനും പഴയ കളിക്കൂട്ടുകാരെ ഒരിക്കൽ കൂടി കാണാനും നൂറോളം വരുന്ന എഴുപത് കഴിഞ്ഞവർ കൊടിഞ്ഞി ഐ.ഇ.സി സ്കൂള്‍ അങ്കണത്തിൽ ഒത്തുചേർന്നു.
ടി.എം. പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സാക്ക് സീനിയേഴ്സ്, മൈ കൊടിഞ്ഞി എന്നിവയുടെ സഹകരണത്തോടെയാണ് ഈ അപൂർവ സംഗമത്തിന് വേദിയൊരുക്കിയത്.
പിഞ്ചു കുഞ്ഞുങ്ങള്‍ റോസാപൂക്കള്‍ നൽകി അതിഥികളെ സ്വീകരിച്ചത് നയനാനന്ദകരമായി. കാളിയമ്മയുടെ നാടൻപാട്ടുകളും ഞാറ്നടീൽ പാട്ടുകളും തിത്തിക്കുട്ടിയമ്മയുടെ മാപ്പിളപ്പാട്ടുകളും അവരെ പഴയകാല ഓർമകളിലേക്ക് കൂട്ടിക്കൊണ്ട് പോയി. ഐ.ഇ.സി ഹെവൻസ് പ്രീസ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഏറെ ഹൃദ്യമായി. കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രഡിഡന്‍റ് പി.സി. മുഹമ്മദ് ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്‍റ് പാട്ടശ്ശേരി അലവി ഹാജി അധ്യക്ഷത വഹിച്ചു. അദീബ് മംഗലശ്ശേരി, സി.പി. ലുബ്ന, കുഞ്ഞാലൻ ഹാജി, പാലക്കാട്ട് ഹംസ ഹാജി, ഷാഹുൽ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ വി.കെ. ഷഫീഖ് സ്വാഗതവും സറീന നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.