എങ്ങുമെത്താതെ മൈലിക്കൽ പൊതുശ്മശാനം ആധുനികവത്കരണം
text_fieldsതിരൂരങ്ങാടി: വർഷങ്ങളുടെ പഴക്കമുള്ള തിരൂരങ്ങാടി നഗരസഭയിലെ തൃക്കുളം മൈലിക്കൽ പൊതുശ്മശാനം ആധുനികവത്കരിക്കുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി. 14 സെന്റ് ഭൂമിയുള്ള തൃക്കുളം പന്താരങ്ങാടിയിലെ ശ്മശാനമാണ് കാടുമൂടി കിടക്കുന്നത്. ശ്മാശാനത്തിന് നഗരസഭ രണ്ട് ഘട്ടമായി പത്തുലക്ഷം രൂപ വരെ ഫണ്ട് അനുവദിച്ചെങ്കിലും പരിസരവാസികളുടെ എതിർപ്പ് മൂലം പദ്ധതി പ്രാരംഭഘട്ടത്തിൽതന്നെ മുടങ്ങിപ്പോയി. കുഴിവെട്ടി മൃതദേഹം സംസ്കരിക്കുന്ന രീതിയാണ് നിലവിലുള്ളത്.
ചതുപ്പ് പ്രദേശമായതിനാൽ മഴക്കാലത്ത് കുഴിവെട്ടി സംസ്കാരം സാധ്യമല്ല. ഈ സമയത്ത് ചെറിയ കുഴിയെടുത്താൽ തന്നെ വെള്ളം കാണും. അതിനാൽ തന്നെ ആധുനിക രീതിയിൽ വൈദ്യുതിയോ ഗ്യാസോ ഉപയോഗിച്ചുള്ള ശ്മശാനമായിരുന്നു നഗരസഭ രൂപകൽപന ചെയ്തിരുന്നത്. എന്നാൽ, പ്രദേശവാസികളുടെ എതിർപ്പ് കാരണം പദ്ധതി നടപ്പായില്ല. ഇതിനാൽ രണ്ടും മൂന്നും സെന്റിൽ താമസിക്കുന്നവർ മരിച്ചാൽ സംസ്കാരത്തിന് വഴിയില്ലാതെ പ്രയാസം നേരിടുകയാണ്. മരണം സംഭവിച്ചാൽ വീടിന്റെ ഭാഗം പൊളിച്ചോ വിദൂര സ്ഥലത്തേക്ക് മൃതദേഹം എത്തിച്ചോ സംസ്കരിക്കേണ്ട ഗതികേടിലാണ്.
നഗരസഭ മുൻകൈയെടുത്ത് ശ്മശാനത്തിന്റെ പ്രശ്ന പരിഹാരത്തിന് ഉപസമിതി രൂപവത്കരിക്കുകയും പ്രദേശവാസികളെ വിശ്വാസത്തിലെടുത്ത് പദ്ധതി നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, പരിസരത്തെ ഭൂഉടമകളുടെ കടുത്ത എതിർപ്പിനെ തുടർന്ന് പ്രവർത്തനം നിർത്തി.
കുഴിയെടുത്ത് സംസ്കരിക്കുന്നതിന് പ്രദേശവാസികൾ എതിരല്ലെന്നും ആധുനികവത്കരിക്കുന്നത് പ്രദേശത്ത് പരിസര മലിനീകരണത്തിന് കരണമാകുമെന്നാണ് ഇവർ പറയുന്നത്. ഇരുകൂട്ടരെയും വിശ്വാസത്തിലെടുത്ത് ശ്മശാനം എത്രയും പെട്ടെന്നുതന്നെ ആധുനികവത്കരിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങൾ. ശ്മശാനം ആധുനിക രീതിയിൽ പുനർനിർമിക്കണമെന്നും കുറഞ്ഞ ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങളുടെ പ്രയാസം പരിഹരിക്കണമെന്നും പരിസരവാസികളെ വിശ്വാസത്തിലെടുത്ത് ആധുനികവത്കരണം ദ്രുതഗതിയിൽ നടത്തണമെന്നും ശ്മശാന സംരക്ഷണ സമിതി അംഗം കെ. മഹേന്ദ്രൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.