സി.ആർ.സെഡ് നിയമത്തിൽനിന്ന് മോചിതമാകാതെ മൂന്നിയൂർ
text_fieldsതിരൂരങ്ങാടി:മൂന്നിയൂർ പഞ്ചായത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ ഏറെ ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന കോസ്റ്റൽ റെഗുലേഷൻ സോൺ (സി.ആർ.സെഡ്) തീരദേശ നിയന്ത്രണ മേഖലയിൽനിന്ന് മൂന്നിയൂർ പഞ്ചായത്ത് ഇനിയും മോചിതമായിട്ടില്ല. സി.ആർ.സെഡ് നിയമത്തിന്റെ പരിധിയിൽനിന്നും മൂന്നിയൂരിനെ ഒഴിവാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഭരണസമിതിയും സംസ്ഥാന സർക്കാറാണ് ഇതിന് മുൻകൈ എടുത്തതെന്ന് ഇടതുപക്ഷവും അവകാശ വാദമുന്നയിക്കുന്നതിനിടെയാണ് ഈ പരിധിയിൽ ഇപ്പോഴും സി.ആർ. സെഡ് നിയമം നിലനിൽക്കുന്നുണ്ടെന്ന് തദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം വ്യക്തമാക്കുന്നത്.
പൊതുപ്രവർത്തകനായ അഷ്റഫ് കളത്തിങ്ങൽ വിവരാവകാശ നിയമപ്രകാരം പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്ക് നൽകിയ അപേക്ഷക്കുള്ള മറുപടിയിലാണ് ഇക്കാര്യമുള്ളത്. മൂന്നിയൂർ പഞ്ചായത്തിൽ 1996 മുതൽ സി.ആർ. സെഡ് നിയമം ബാധകമാണെന്നും പഞ്ചായത്തിൽ സി.ആർ.സെഡ് നിയമം പിൻവലിച്ചിട്ടില്ലെന്നും നിയമം പ്രാബല്യത്തിലുണ്ടെന്നുമാണ് പറയുന്നത്.
തീരദേശ നിയന്ത്രണ മേഖലയിൽ മൂന്നിയൂർ പഞ്ചായത്ത് ഇപ്പോഴും നിലനിൽക്കുന്നതിനാൽ കടലുണ്ടി പുഴയുടെ പരിസരത്തെ സാധാരക്കാർക്ക് വീട് നിർമാണത്തിനുള്ള അനുമതിയോ വീട് വെച്ചവർക്ക് വീട്ട് നമ്പറോ ഇത് മൂലം ലഭിക്കുന്നില്ല. മൂന്നിയൂർ പഞ്ചായത്ത് മൂന്ന് ഭാഗവും കടലൂണ്ടി പുഴയാൽ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ്. മണ്ണട്ടാം പാറ മുതൽ പാറക്കടവ് വരെയുള്ള പഞ്ചായത്തിലെ 11, 13, 14, 15, 17,18, വാർഡുകൾ ഇപ്പോൾ സി.ആർ. സെഡിന്റെ പരിധിയിലാണ്. ഈ പ്രദേശങ്ങളിൽ വീടെടുത്ത് താൽക്കാലിക നമ്പർ എടുത്തവർക്ക് അത് നിയമാനുസൃതമാക്കത്തതിനാൽ ഭീമമായ നികുതിയാണ് പഞ്ചായത്തിൽ അടക്കേണ്ടി വരുന്നത്. മൂന്നിയൂരിന്റെ അടുത്ത പ്രദേശങ്ങളായ തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലും പുഴയോര പ്രദേശത്ത് ഈ നിയമം പ്രാബല്യത്തിലുമില്ല എന്നുള്ളതും ശ്രദ്ധേയമാണ്.
‘ചോദ്യം വിവരാവകാശ നിയമത്തിന്റെപരിധിയിൽ വരുന്നില്ല’
മൂന്നിയൂർ: പഞ്ചായത്തിൽ തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് മൂന്നിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് വാർഡ് 11ലെ താമസക്കാരനായ കൊല്ലഞ്ചേരി അഹമ്മദ് കോയ വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിൽ ‘വിചിത്രമായ’ മറുപടി.
പഞ്ചായത്തിൽ സി.ആർ.സെഡ് നിയമം ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന മറുപടി ഒഴിച്ച് ശേഷമുള്ളവക്ക് ചോദ്യം വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നില്ല എന്ന മറുപടിയാണ് നൽകിയത്. കാലുണ്ടി പുഴ കടന്നുപോവുന്ന മൂന്നിയൂർ പഞ്ചായത്തിന്റെ പരിധിയിൽ വീടുകൾ, കെട്ടിടങ്ങൾ എന്നിവ നിർമിക്കുന്നതിന് തടസ്സങ്ങൾ ഉണ്ടോ, സി.ആർ.സെഡ് നിയമം നിലനിൽക്കെ നിർമിച്ച വീടുകൾക്ക് താൽക്കാലിക നമ്പർ കൊടുത്തവർക്ക് സ്ഥിരനമ്പർ കൊടുക്കുന്നുണ്ടോ, ഇത്തരക്കാർക്ക് സ്ഥിര നമ്പർ ലഭിക്കാനുള്ള കാലതാമസമെന്ത്, എത്ര വീട്ടുകൾക്ക് നമ്പർ കൊടുത്തു വാർഡ് അടിസ്ഥാനത്തിലുള്ള കണക്ക് എത്ര, താൽക്കാലിക നമ്പർ കിട്ടിയവർക്ക് സ്ഥിര നമ്പർ കിട്ടണമെങ്കിൽ ഉടമസ്ഥർ പിഴ അടക്കേണ്ടതുണ്ടോ, ഉണ്ടെങ്കിൽ അതിന്റെ മാനദണ്ഡം എന്ത് എന്ന ചോദ്യങ്ങൾക്കാണ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇതൊന്നും വിവരാവകാശത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന മറുപടി നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.