നാടുകാണി-പരപ്പനങ്ങാടി പാത സംയുക്ത സമരസമിതി പ്രവർത്തകർ അറസ്റ്റിൽ
text_fieldsതിരൂരങ്ങാടി: നാടുകാണി-പരപ്പനങ്ങാടി പാത പ്രവൃത്തിയിലെ അപാകതയിൽ പ്രതിഷേധിച്ച സംയുക്ത സമരസമിതി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന വൈദ്യുതി തൂണുകൾ മാറ്റാതെയും കൈയേറ്റങ്ങൾ കണ്ടെത്താൻ സർവേ പൂർത്തിയാക്കാതെയും ടാറിങ് മാത്രം നടത്തി പ്രവൃത്തി അവസാനിപ്പിക്കാനുള്ള പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ ശ്രമം ചോദ്യം ചെയ്തെത്തിയ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ തിരൂരങ്ങാടി പൊലീസ് സമരസമിതി പ്രവർത്തകരായ ടി. റഹീം, ഷൗക്കത്ത് കൂളത്ത്, നാസർ തയ്യിൽ എന്നിവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. മലപ്പുറത്ത് നിന്നെത്തിയ വൻ പൊലീസ് സാന്നിധ്യത്തിലാണ് ചന്തപ്പടി ബൈപാസ് വരെ ടാറിങ് പൂർത്തീകരിച്ചത്.
നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയെടുക്കാത്തതിനെ തുടർന്ന് സംയുക്ത സമരസമിതി നൽകിയ കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെയാണ് ടാറിങ് പ്രവൃത്തി പുനരാരംഭിച്ചത്. റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിച്ച് മാത്രമേ ടാറിങ് പുനരാരംഭിക്കൂ എന്ന ഉദ്യോഗസ്ഥ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
സംയുക്ത സമരസമിതി ഭാരവാഹികളായ എം.പി. സ്വാലിഹ് തങ്ങൾ, യാസീൻ തിരൂരങ്ങാടി, മൊയ്തീൻ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരായ സിദ്ദീഖ് ഇസ്മായിൽ, സുരേഷ് എന്നിവരും തിരൂരങ്ങാടി എസ്.ഐ പ്രിയനും ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ ജില്ല െഡവലപ്മെൻറ് കമീഷണർ പ്രേം കൃഷ്ണൻ വെള്ളിയാഴ്ച പരിശോധനക്കെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.