തിരൂരിൽ പുതിയ സ്മാർട്ട് വില്ലേജ് ഓഫിസിന് സ്ഥലം അനുവദിച്ചു
text_fieldsതിരൂർ: നവകേരള സദസ്സിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരൂരിൽ പുതിയ സ്മാർട്ട് വില്ലേജ് ഓഫിസിന് സ്ഥലം അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്. തിരൂർ മിനി സിവിൽ സ്റ്റേഷനോട് ചേർന്നുള്ള അഞ്ച് സെന്റ് ഭൂമിയിലാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫിസ് വരുന്നത്.
തിരൂർ കോർട്ട് റോഡിൽ പൊലീസ് സ്റ്റേഷന് സമീപത്തെ ജീർണിച്ച കെട്ടിടത്തിന് പകരം സ്മാർട്ട് വില്ലേജ് ഓഫിസ് പണിയാൻ ഭൂമി അനുവദിക്കണമെന്ന് നവകേരള സദസ്സിൽ എൽ.ഡി.എഫ് തിരൂർ മണ്ഡലം കമ്മിറ്റിയടക്കം സംഘടനകളും വ്യക്തികളും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാനും റവന്യൂ മന്ത്രി കെ. രാജനും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും ചർച്ച ചെയ്ത് പൊതുമരാമത്ത് വകുപ്പ് ഉടമസ്ഥതയിലുള്ള തിരൂർ മിനി സിവിൽ സ്റ്റേഷനോട് ചേർന്നുള്ള ഭൂമിയിൽ അഞ്ച് സെന്റ് ഭൂമി പ്രത്യേകമായി അനുവദിച്ചത്.
ഭൂമി വിട്ടുകൊടുക്കാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റവന്യൂ വകുപ്പിനോട് നിർദേശിച്ചു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തിരൂരിൽ സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം പണിയുന്നത്. കെട്ടിടനിർമാണത്തിന് 50 ലക്ഷം രൂപ അനുവദിച്ചതായി തിരൂർ തഹസിൽദാർ എസ്. ഷീജ പറഞ്ഞു.
കെട്ടിടത്തിന്റെ സാങ്കേതിക ഭരണാനുമതി ലഭിച്ചാലുടൻ നിർമാണ പ്രവർത്തനം ആരംഭിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.