വൈദ്യുതി ബില്ലിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്
text_fieldsതിരൂർ: വൈദ്യുതി ബില്ല് അടച്ചില്ലെന്ന് പറഞ്ഞ് മൊബൈൽ സന്ദേശം വഴി ഓൺലൈനിലൂടെ പണം കവർന്നതായി യുവാവിന്റെ പരാതി. തിരുനാവായ കാരത്തൂർ സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 19,238 രൂപയാണ് നഷ്ടപ്പെട്ടത്. കേരള ഗ്രാമീൺ ബാങ്ക് തൃശൂർ ഇരിങ്ങാലക്കുട ബ്രാഞ്ചിലെ സേവിങ് ഉടമ കാരത്തൂർ കാളിയാടൻ ഷാഹിൻ റഹ്മാന്റെ പണമാണ് കഴിഞ്ഞ ദിവസം നഷ്ടമായത്. തിരുനാവായ വൈദ്യുതി കാര്യാലയത്തിന് കീഴിലെ കൺസ്യൂമർ ഉടമ കാളിയാടൻ ആയിഷയുടെ കറന്റ് ബില്ല് അടച്ചില്ലെന്ന് അറിയിച്ച് ഫോൺ സന്ദേശത്തിലൂടെയാണ് തട്ടിപ്പിൽ വീഴ്ത്തിയത്.
വീട്ടുടമ കാളിയാടൻ ഹസീനയുടെ ഫോണിലേക്ക് ഞായറാഴ്ച ഉച്ചയോടെയാണ് വൈദ്യുതി ബിൽ കുടിശ്ശികയുണ്ടെന്ന് പറഞ്ഞ് ഫോൺ വന്നത്.
അക്ഷയ മുഖേന പണം അടച്ചതാണെന്ന് ഹസീന മറുപടി പറഞ്ഞെങ്കിലും 10 രൂപ ബാക്കിയുണ്ടെന്നും ഇത് ഉടനെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് പണം അടക്കാൻ ബാങ്ക് ഒ.ടി.പി നമ്പർ തരണമെന്നും അജ്ഞാതൻ ആവശ്യപ്പെട്ടു. മകന്റെ അക്കൗണ്ടിന്റെ ഒ.ടി.പി നമ്പർ നൽകിയ ഉടൻ ഒരു മിനിറ്റിനുള്ളിൽ രണ്ടു തവണയായി 10,395 രൂപയും 8,893 രൂപയും പിൻവലിച്ചതായി ബാങ്ക് സന്ദേശവും വന്നു.
കബളിപ്പിക്കപ്പെട്ട ഷാഹിൻ റഹ്മാൻ തിരൂർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ച നിരവധി പേർക്ക് വൈദ്യുതി ബില്ല് അടച്ചില്ലെന്ന സന്ദേശം ഫോണിൽ വന്നതായും നേരിട്ട് വിളിച്ചതായും അധികൃതർ പറഞ്ഞു. പണം നഷ്ടപ്പെട്ട നിരവധി പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.