പെൺകുട്ടികളെ സമൂഹ മാധ്യമങ്ങളിലൂടെ വലയിലാക്കി പീഡിപ്പിക്കുന്ന സംഘം പിടിയിൽ
text_fieldsതിരൂരങ്ങാടി: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന സംഘത്തെ തിരൂരങ്ങാടി പൊലീസ് പിടികൂടി. കാസർകോട് കാഞ്ഞങ്ങാട് രാവണേശ്വരം മുനിയംകോട് വീട്ടിൽ മുഹമ്മദ് ഷാഹിദ് (20), കാഞ്ഞങ്ങാട് ചിത്താരി കൂളിക്കാട് വീട്ടിൽ എം.കെ. അബുതാഹിർ (19), കാഞ്ഞങ്ങാട് ആവിയിൽ മണവാട്ടി വീട്ടിൽ മുഹമ്മദ് നിയാസ് (22) എന്നിവരെയാണ് മമ്പുറത്തുവെച്ച് കാറിൽ 17കാരിയോടൊപ്പം തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ പത്തോടെ വൺവേ തെറ്റിച്ച് ആൾട്ടോ കാറിൽ വന്ന മൂന്ന് യുവാക്കളും പർദ ധരിച്ച പെൺകുട്ടിയുമാണ് പൊലീസിന് മുന്നിൽ പെട്ടത്. സംശയം തോന്നിയ തിരൂരങ്ങാടി എസ്.ഐ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധ മറുപടിയാണ് നൽകിയത്. ഇതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാട്ടിൽ മൊബൈൽ ഫോൺ റിപ്പയറിങ് ഷോപ്പുകളിൽ ജോലി ചെയ്യുകയാണ് യുവാക്കൾ.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട മുഹമ്മദ് നിയാസും പെൺകുട്ടിയും കഴിഞ്ഞ ഏപ്രിൽ മുതൽ പ്രണയത്തിലാണെന്നും ചെമ്മാട് ടൗണിൽ വാടകക്കെടുത്ത മുറിയിലേക്ക് പോവുകയായിരുന്നെന്നും കൂടെയുള്ളവർ നിയാസിെൻറ സുഹൃത്തുക്കളാണെന്നും പൊലീസ് പറഞ്ഞു. ബന്ധുവും അയൽവാസിയുമായ മറ്റൊരു പെൺകുട്ടിയുടെ ഫോണിലൂടെയാണ് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതെന്ന് പെൺകുട്ടി പറഞ്ഞു. ഓൺലൈൻ ക്ലാസിനായി രക്ഷിതാവിെൻറ ഫോൺ വാങ്ങുമ്പോഴാണ് പെൺകുട്ടി നിയാസുമായി ബന്ധപ്പെടാറുള്ളത്. നിയാസ് വിഡിയോ കാൾ ചെയ്യാറുണ്ടെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടി കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. ഷാഹിദിന് ചമ്രവട്ടം സ്വദേശിനിയായ പെൺകുട്ടിയുമായി ഷെയർ ചാറ്റിലൂടെയും അബൂ താഹിറിന് ഈശ്വരമംഗലം സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനിയുമായി ഇൻസ്റ്റഗ്രാമിലൂടെയും ബന്ധമുള്ളതായി പൊലീസ് പറഞ്ഞു. തിരൂരങ്ങാടി എസ്.ഐ രതീഷ്, സി.പി.ഒമാരായ രഞ്ജിത്ത്, സുധീഷ്, സുധ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.