ഓർമകൾ പുതുക്കി സാക്ഷരത പ്രവർത്തകർ റാബിയയെ കാണാനെത്തി
text_fieldsതിരൂരങ്ങാടി: 30 വർഷങ്ങൾക്കപ്പുറത്തെ ഓർമകൾ പുതുക്കി റാബിയയെ തേടി പഴയകാല സാക്ഷരത പ്രവർത്തകരെത്തി. 1990 ജൂണിൽ സംസ്ഥാനത്ത് തുടങ്ങിയ സാക്ഷരത യജ്ഞം നാടിെൻറ മാത്രമല്ല കെ.വി. റാബിയയുടെ കൂടി വിധി മാറ്റിയെഴുതി. വീൽചെയറിൽ എത്തി അക്ഷരങ്ങളെ പരിചയപ്പെടുത്തിയ റാബിയ തിരൂരങ്ങാടിക്ക് മാത്രമല്ല നാടിന് ഒന്നാകെ മാതൃകായി. ഒന്നാം ഘട്ട സാക്ഷരതയിൽ എഴുത്തും വായനയും സ്വായത്തമാക്കിയ തന്റെ പഠിതാക്കൾക്ക് രണ്ടാം ഘട്ടത്തിൽ ബോധവത്കരണവും തൊഴിൽ പരിശീലനവും നൽകി അവരെ സ്വാശ്രയശീലരാക്കാൻ റാബിയക്ക് സാധിച്ചു.
അക്കാലത്ത് പുതിയ റോഡ്, വൈദ്യുതി, തൊഴിൽ പരിശീലന കേന്ദ്രം എന്നിവയെല്ലാം റാബിയയുടെ നേതൃത്വത്തിലാണ് ഗ്രാമത്തിൽ എത്തിയത്. ഒന്നര കിലോമീറ്റർ ദൂരം വരുന്ന റോഡിന് സർക്കാർ നൽകിയ പേര് അക്ഷര റോഡ് എന്നായിരുന്നു. ജില്ല കലക്ടർ കുരുവിള ജോണിന്റെ ഇടപെടലുകളും സാക്ഷരത പ്രവർത്തകരുടെ പരിശ്രമവും നാട്ടുകാരുടെ സഹകരണവുമാണ് ഇത്തരം വികസനങ്ങൾക്ക് വഴിയൊരുക്കിയത്. സാക്ഷരത മുൻ പ്രോജക്ട് ഓഫിസർ പ്രഫ സി.പി. മുഹമ്മദ് കുട്ടി, ഹെഡ് കോർട്ടർ ജോയന്റ് പ്രോജക്ട് ഓഫിസർ ഉബൈദുല്ല താനാളൂർ, അസി. ഓഫിസർമാരായ സി.പി. ഇബ്രാഹിം താനൂർ, ഇ.ഒ. അബ്ദുൽ ഹമീദ്, കെ.പി. മുഹമ്മദ് കുട്ടി, അനിൽ കുമാർ വള്ളിക്കുന്ന് എന്നിവരാണ് റാബിയയെ ആദരിക്കാനെത്തിയത്.
പരപ്പനങ്ങാടി: പത്മശ്രീ ലഭിച്ച കെ.വി. റാബിയയെ പരപ്പനങ്ങാടി കോ ഓപറേറ്റിവ് കോളജ് യൂനിയനും മൂന്നാം വർഷ ബിരുദ വിദ്യാർഥികളും ചേർന്ന് ആദരിച്ചു. കോളജ് യൂനിയൻ ചെയർമാൻ അബിൻ കൃഷ്ണ, ഫൈനാൻസ് സെക്രട്ടറി സഫാദ്, നിഹാൽ, പൂക്കോയ, മുഹസിൻ, ജൂഫയിൽ എന്നിവർ പങ്കെടുത്തു.
തിരൂരങ്ങാടി: റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം ജില്ല കമ്മിറ്റി പത്മശ്രീ പുരസ്കാര ജേതാവ് കെ.വി. റാബിയയെ വസതിയിലെത്തി ആദരിച്ചു. റാഫ് ജില്ല പ്രസിഡന്റ് എം.ടി. തെയ്യാല ഉപഹാരം നൽകി. സാബിറ ചേളാരി, ഹരിഹരൻ ചാനത്ത്, ബേബിഗിരിജ, കെ.എസ്. ദാസ്, എൻ.ടി. മൈമൂന, കുഞ്ഞമ്മദ് പാലക്കാട്ട്, സി. ജമീല, ഗഫൂർ ചെമ്മാട്, ഭാസ്കരൻ പുല്ലാണി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.