തിരൂരങ്ങാടിയിൽ സ്മാർട്ട് വില്ലേജ് ഓഫിസ് യാഥാർഥ്യമാകുന്നു
text_fieldsതിരൂരങ്ങാടി: തിരൂരങ്ങാടി വില്ലേജ് ഓഫിസിന് സൗകര്യപ്രദമായ പുതിയ സ്ഥലത്തേക്ക് മാറുന്നതിന്റെ പ്രഥമഘട്ടം പൂര്‍ത്തിയായി. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ഹജൂര്‍ കച്ചേരിക്ക് പടിഞ്ഞാറ് വശമുള്ള ഭൂമി ഡീനോട്ടിഫൈ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സംരക്ഷിത പ്രവൃത്തി പൂര്‍ത്തിയാക്കിയ ഹജൂര്‍ കച്ചേരിയുടെ സമര്‍പ്പണ ചടങ്ങില്‍ സ്മാര്‍ട്ട് വില്ലേജ് സ്ഥാപിക്കാന്‍ പുരാവസ്തു വകുപ്പിന്റെ കൈവശമുള്ള ഭൂമി വിട്ടുനല്‍കുമെന്ന് വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് ഇപ്പോള്‍ യാഥാർഥ്യമായത്.
ഇവിടെ ആധുനിക സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് വില്ലേജ് സ്ഥാപിക്കുന്നതിനായാണ് ഭൂമി റവന്യുവകുപ്പിന് കൈമാറിയത്. നിലവില്‍ ചെമ്മാട് ബ്ലോക് റോഡ് ജംഗ്ഷനില്‍ ചുറ്റുമതിലോ മതിയായ അടിസ്ഥാന സൗകര്യമോ ഇല്ലാതെ പ്രയാസത്തിലാണ് വില്ലേജ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
ഓഫിസ് ആവശ്യത്തിനായി എത്തുന്ന സ്ത്രീകളും മുതിര്‍ന്നവരും തിരക്കുള്ള റോഡില്‍ മഴയും വെയിലുമേറ്റ് വരിനിന്നാണ് ഓഫിസ് ആവശ്യങ്ങള്‍ നിർവഹിക്കുന്നത്. സ്ഥലപരിമിതി കാരണം ഉദ്യോഗസ്ഥരും പ്രയാസത്തിലാണ്.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിവരുന്ന ഗൗരവമായ പരിഗണനയുടെ ഭാഗമായാണ് ഭൂമി വിട്ടുനല്‍കിയതെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ഈ പ്രശ്നത്തിന് പരിഹാരം തേടി നല്കിയ അപേക്ഷകള്‍ കൂടി പരിഗണിച്ചാണ് തീരുമാനമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.