നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന ലോറികളുടെ മരണപ്പാച്ചിലിന് വിലങ്ങ്
text_fieldsതിരൂരങ്ങാടി: നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന ഭീമൻ ലോറികളുടെ മരണപ്പാച്ചിലിന് വിലങ്ങുമായി മോട്ടോർ വാഹന വകുപ്പ്. കക്കാട് -പരപ്പനങ്ങാടി റോഡിലൂടെ പരപ്പനങ്ങാടിയിലെ ഹാർബർ നിർമാണത്തിന് കല്ലുകളെത്തിക്കുന്ന ടോറസ് ലോറികളടക്കമുള്ള ടിപ്പറുകളുടെ അമിത വേഗത്തിനാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നടപടിയുമായി എത്തിയത്.
സ്കൂൾ സമയങ്ങളിലും രാവിലെയും വൈകീട്ടും നിയമം ലംഘിച്ച് ട്രെയിലർ ലോറികൾ അമിത ഭാരം വഹിച്ച് മരണപ്പാച്ചിൽ നടത്തുന്നത് 'മാധ്യമം' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ഇതേ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കിയും താക്കീതും ബോധവത്കരണവുമായി അധികൃതർ റോഡിലിറങ്ങുകയായിരുന്നു. ജില്ല എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.കെ. സുരേഷ് കുമാറിന്റെ നിർദേശപ്രകാരം എം.വി.ഐമാരായ ഡാനിയൽ ബേബി, സജി തോമസ്, എ.എം.വി.ഐ സുനിൽ രാജ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ചെമ്മാട്, തിരൂരങ്ങാടി, കൊളപ്പുറം, കക്കാട്, കോട്ടക്കൽ, മലപ്പുറം, കൊണ്ടോട്ടി, തിരൂർ എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. 63 കേസുകളിലായി 68,500 രൂപ പിഴ ഈടാക്കിയതായി അധികൃതർ അറിയിച്ചു. തിരക്കേറിയ രാവിലെകളിലും വൈകീട്ടും ടിപ്പർ ലോറികൾ നിരത്തിലിറങ്ങരുതെന്ന് നിർദേശവും നൽകി. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ജില്ല എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.കെ. സുരേഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.