വൃത്തിഹീനമായ സാഹചര്യത്തിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസം
text_fieldsതിരൂരങ്ങാടി: തിരൂരങ്ങാടി വടക്കേ മമ്പുറത്തെ വീട്ടിലും ക്വാർട്ടഴ്സിലുമായി വൃത്തിഹീനമായ സാഹചര്യത്തിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിഷയത്തിൽ തിരൂരങ്ങാടി നഗരസഭ അധികൃതർ അടിയന്തരമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.
ഇതിനാവശ്യമായ പൊലീസ് സഹായം തിരൂരങ്ങാടി എസ്.എച്ച്.ഒ നൽകണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളികൾ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ലെന്നും പ്രദേശവാസികളുടെ സ്വസ്ഥതക്ക് ഭീഷണിയാവുന്നില്ലെന്നും തിരൂരങ്ങാടി എസ്.എ.ച്ച്.ഒ ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ തിരൂരങ്ങാടി നഗരസഭ സെക്രട്ടറിയും എസ്.എച്ച്. ഒയും രണ്ട് മാസത്തിനകം കമ്മീഷനെ അറിയിക്കണം. ഇതര സംസ്ഥാന തൊഴിലാളികൾക്ക് തൊഴിലോ താമസമോ നിഷേധിക്കരുതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. രാജ്യത്ത് ആർക്കും എവിടെയും ജോലി ചെയ്യാനും താമസിക്കാനുമുള്ള സൗകര്യം ഭരണഘടന ഉറപ്പാക്കിയിട്ടുണ്ട്.
എന്നാൽ നിയമങ്ങളെ നഗ്നമായി വെല്ലുവിളിക്കുന്നത് അനുവദിക്കാൻ കഴിയില്ല. മതിയായ സൗകര്യങ്ങൾ നൽകാതെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുന്ന വിധം ഇതര സംസ്ഥന തൊഴിലാളികളെ താമസിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്നും ഉത്തരവിൽ പറയുന്നു.
അനധികൃതമായി താമസിപ്പിച്ചിട്ടുള്ളവരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും കെട്ടിടെ ഉടമ നടപടി സ്വീകരിച്ചില്ലെന്ന് തിരൂരങ്ങാടി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കെട്ടിടം ഉടമയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ പരാതി തിരൂരങ്ങാടി പൊലീസിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.