തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ അനാദരവെന്ന് പരാതി
text_fieldsതിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ മൃതദേഹത്തോട് ഡോക്ടര്‍മാര്‍ അനാദരവ് കാണിച്ചെന്ന് ആക്ഷേപം. പോസ്റ്റ്മോർട്ടം മനഃപൂർവം വൈകിപ്പിക്കുകയും തുടര്‍നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തതായാണ് പരാതി ഉയർന്നത്. പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി ജലീല്‍ കുപ്പച്ചാല് ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ഹൃദയാഘാതം മൂലം മരിച്ചത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചതിനാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് നിർദേശിച്ചു. മൂന്നുമണിയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എന്നാല്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഏറെനേരം കഴിഞ്ഞശേഷം ഫോറന്‍സിക് സര്‍ജന്റെ സാന്നിധ്യത്തില്‍ മാത്രമേ പോസ്റ്റ്മോര്‍ട്ടത്തിന് കഴിയൂ എന്നറിയിച്ചു. ഏകദേശം നാലരയോടെയാണ് വിവരം ബന്ധുക്കളെ അറിയിച്ചതെന്ന് പറയുന്നു. ഇത് ആശുപത്രി പരിസരത്ത് ബഹളത്തിനിടയാക്കി. മൃതദേഹം 11 മണിയോടെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴൊന്നും പറയാത്ത സംശയം ഡോക്ടര്‍ക്ക് നാല് മണിക്കുശേഷം ഉന്നയിച്ചതിനെ ചോദ്യം ചെയ്തെങ്കിലും മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞ് ഡോക്ടര്‍ അവിടെനിന്ന് പോയതായും ബന്ധുക്കൾ കുറ്റപ്പെടുത്തി.
ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ഡോക്ടറോട് സംഭവം അന്വേഷിക്കാനെത്തിയ പൊതുപ്രവർത്തകൻ യു.എ. റസാഖിനെ ഡോക്ടർ ഭീഷണിപ്പെടുത്തിയാതായും പരാതി ഉയർന്നു. കൂടുതല്‍ ചോദിച്ചാല്‍ ജോലി തടസ്സപ്പെടുത്തിയതിന് ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ കടലില്‍നിന്നാണ് ജലീലിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെ താനൂരില്‍ വള്ളം കരക്കടുപ്പിച്ച് ഓട്ടോ മാർഗം വീട്ടിലെത്തി. തുടർന്ന് പരപ്പനങ്ങാടിയിലെ ആശുപത്രിയിലേക്ക് പോയി. അവിടെയെത്തി ഓട്ടോക്കാരന് കൂലി നൽകാൻ പൈസ ചില്ലറയാക്കുന്നതിന് പരപ്പനങ്ങാടിയിലെ ജനസേവ ആശുപത്രി പരിസരത്ത് നടക്കുന്നതിനിടെ കുഴഞ്ഞുവീണു.
ഉടനെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആംബുലന്‍സില്‍ വെച്ചാണ് യുവാവ് മരിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ആശുപത്രി പരിസരത്ത് വീണപ്പോള്‍ തലയുടെ പിന്‍ഭാഗത്ത് ചെറിയ മുറിവ് പറ്റിയിരുന്നു. ഇതാണ് ഡോക്ടര്‍മാരെ പോസ്റ്റ്മോര്‍ട്ടത്തിന് പ്രേരിപ്പിച്ചത്. ഡോക്ടര്‍മാര്‍ക്കെതിരെ മനുഷ്യാവകാശ കമീഷന്, ആരോഗ്യമന്ത്രി, ജില്ല മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.