ഓൺലൈൻ തട്ടിപ്പിലൂടെ പണം കവർന്ന സംഭവം; തിരൂരങ്ങാടി പൊലീസ് കേസെടുത്തു
text_fieldsതിരൂരങ്ങാടി: ഓൺലൈൻ തട്ടിപ്പിലൂടെ മൂന്നിയൂർ, തെന്നല, തൃക്കുളം സ്വദേശികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മികച്ച ഉപഭോക്താവിനുള്ള അഭിനന്ദനം അറിയിച്ച് ആമസോൺ കമ്പനിയുടേത് എന്ന് പരിചയപ്പെടുത്തിയ വ്യാജ രജിസ്ട്രേഡ് കത്തിലൂടെയാണ് തൃക്കുളം സ്വദേശി റഊഫിൽനിന്ന് 2,11,000 രൂപ തട്ടിയത്. കത്തിനോടൊപ്പം ഒരു സ്ക്രാച്ച് കാർഡും ഉണ്ടായിരുന്നു. സ്ക്രാച്ച് കാർഡിൽ 9.5 ലക്ഷം രൂപ അടിച്ചതായി കാണപ്പെട്ടു. ഇത് ഫോട്ടോയെടുത്ത് അതിൽ കൊടുത്ത നമ്പറിലെ വാട്സ്ആപ്പിലേക്ക് അയച്ചുകൊടുത്തു. ഇതിന്റെ നികുതി ഇനത്തിലാണ് 2,11,000 രൂപ ഈടാക്കിയത്. നാലുപേരും വിവിധ ഘട്ടങ്ങളിൽ നൽകിയ പരാതിയിൽ തിരൂരങ്ങാടി പൊലീസ് കേസെടുക്കുകയായിരുന്നു.
ഓൺലൈൻ ജോലിയുടെ പേരിലാണ് തെന്നല സ്വദേശിക്ക് 16 ലക്ഷം രൂപ നഷ്ടപ്പെട്ടത്. സമൂഹ മാധ്യമമായ ടെലിഗ്രാം വഴി പരിചയപ്പെട്ട മലയാളി ഭാവനാചേതൻ ‘ഓൺലൈൻ ജോലിക്ക് തയാറുണ്ടോ, മികച്ച വരുമാനം’ എന്ന് വാട്സ്ആപ്പിലും ടെലിഗ്രാമിലും മെസേജ് അയക്കുകയായിരുന്നു. ഓൺലൈൻ വഴി സ്റ്റാർ ഹോട്ടലുകളുടെ റേറ്റിങ് കൂട്ടുകയായിരുന്നു ജോലി. ആദ്യഘട്ടങ്ങളിൽ പലപ്പോഴായി ഒരു ലക്ഷത്തോളം രൂപ പരാതിക്കാരന് ലഭിച്ചിരുന്നു. പിന്നീട് നികുതി ഇനത്തിൽ പണം ആവശ്യപ്പെട്ട് 16 ലക്ഷത്തോളം രൂപ തട്ടുകയായിരുന്നു.
വൈവാഹിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത സൈനുൽ ആബിദ്ദീൻ, ജംഷീർ എന്നിവർക്ക് നഷ്ടപ്പെട്ടത് 12,44,400 രൂപയാണ്. ഇതുവഴി പരിചയപ്പെട്ട യുവതിയാണ് ഇരുവരെയും തട്ടിപ്പിന് ഇരയാക്കിയത്. വിവാഹം കഴിക്കാമെന്ന വ്യവസ്ഥയിൽ സൗഹൃദം നടിച്ച യുവതി വിവാഹശേഷം ഇരുവർക്കും ജീവിക്കാൻ ഓൺലൈൻ ബിസിനസ് നടത്താനെന്ന പേരിൽ പലപ്പോഴായി പണം ഈടാക്കുകയായിരുന്നു. വെബ്സൈറ്റ് അടക്കം തട്ടിപ്പിനുവേണ്ടി ഉണ്ടാക്കിയതാണെന്ന് പിന്നീടാണ് അറിഞ്ഞത്. തുടർന്ന് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
യൂട്യൂബിൽ ലൈക്കടിച്ച് പണം സമ്പാദിക്കാൻ പറ്റുമെന്ന് വിശ്വസിപ്പിച്ചാണ് മൂന്നിയൂർ സ്വദേശി മുഹമ്മദ് സ്വാലിഹിൽനിന്ന് 9,500 രൂപ അടിച്ചുമാറ്റിയത്.
തങ്ങളുടെ പ്ലാറ്റിനം മെംബറാണെന്ന മെസേജ് ഫോണിൽ ലഭിച്ച സ്വാലിഹിന് ലൈക്ക് അടിക്കുന്ന ഇനത്തിൽ രണ്ടുലക്ഷം രൂപ അടിച്ചിട്ടുണ്ടെന്നും മെസേജ് വന്നു. ടാക്സ് ഇനത്തിൽ 9500 രൂപ അടക്കണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെ നൽകിയ തുകയാണ് നഷ്ടപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.