കെ.വി. റാബിയയെ കേന്ദ്രമന്ത്രി സന്ദർശിച്ചു
text_fieldsതിരൂരങ്ങാടി: പത്മശ്രീ പുരസ്കാരം നേടിയ തിരൂരങ്ങാടി വെള്ളിലക്കാട്ടെ കെ.വി. റാബിയയെ കാണാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെത്തി. നെഹ്റു യുവകേന്ദ്രയുടെ പഴയ പ്രവർത്തകനായിരുന്ന വി. മുരളീധരൻ സാക്ഷരത പ്രവർത്തനകാലത്ത് റാബിയയുമായുണ്ടായിരുന്ന പരിചയം പുതുക്കി. സമ്മാനപ്പൊതിയുമായാണ് അദ്ദേഹം പഴയ സഹപ്രവർത്തകയെ കാണാനെത്തിയത്. ശാരീരികാവശത കാരണം പത്മശ്രീ പുരസ്കാരം വാങ്ങാൻ ഡൽഹിയിലെത്താൻ സാധിക്കാതിരുന്ന റാബിയ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും നേരിൽ കാണാനുള്ള ആഗ്രഹം മന്ത്രിയുമായി പങ്കുവെച്ചു.
സൗകര്യപ്രദമായ തീയതി മുൻകൂട്ടി അറിയിക്കുകയാണെങ്കിൽ അവസരമുണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഗ്രാമത്തിന്റെ പുഴയോരം സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് റാബിയ മന്ത്രിയോട് ആവശ്യപ്പെട്ടു. തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദുകുട്ടി, ഡിവിഷൻ കൗൺസിലർ അരിമ്പ്ര മുഹമ്മദ് അലി, ബി.ജെ.പി ജില്ല പ്രസിഡന്റ് രവി തേലത്ത്, നേതാക്കളായ അഡ്വ. ശ്രീപ്രകാശ്, എം. പ്രേമൻ, കെ.കെ. സുരേന്ദ്രൻ, കെ. അനിൽകുമാർ, മഹിള മോർച്ച ജില്ല പ്രസിഡന്റ് ദീപ പുഴക്കൽ, സജേഷ് എലായിൽ, രശ്മിൽ നാഥ്, ശ്രീരാഗ് മോഹൻ എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.