അപകടഭീഷണിയിലും അസൗകര്യങ്ങളിലും വീർപ്പുമുട്ടി തിരൂരങ്ങാടി ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട്
text_fieldsതിരൂരങ്ങാടി: തിരൂരങ്ങാടി സബ് ആർ.ടി.ഒ ഓഫിസിന് കീഴിൽ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗപ്പെടുത്തുന്ന പരപ്പനങ്ങാടിയിലെ ഗ്രൗണ്ട് ഉപേക്ഷിക്കണമെന്ന ആവശ്യവും ശക്തമാകുന്നു. അപകടഭീഷണിയും അസൗകര്യങ്ങളും ഡ്രൈവിങ് ഫീസുമൊക്കെ ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം വ്യാപകമാവുന്നത്.
സ്വന്തമായി ടെസ്റ്റ് ഗ്രൗണ്ടില്ലാത്തതിനാലാണ് മോട്ടോർ വാഹന വകുപ്പിന് ഡ്രൈവിങ് സ്കൂളുകളുടെ സ്വകാര്യ ഗ്രൗണ്ടിനെ ആശ്രയിക്കേണ്ടിവന്നത്. താലൂക്ക് വികസന സമിതി കണ്ടെത്തിയ പൂക്കിപ്പറമ്പ് കറുത്താലിലെ സർക്കാർ സ്ഥലം ഉപയോഗപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
താലൂക്കിന്‍റെ മധ്യഭാഗത്തായതിനാൽ, മുമ്പ് ടെസ്റ്റ് നടന്നിരുന്ന കോഴിച്ചെനയോടെ അടുത്തുതന്നെയുള്ള ഈ സ്ഥലം വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്നവർക്ക് വളരെയധികം പ്രയോജനപ്പെടും. കൂടാതെ ടെസ്റ്റിന് എത്തുന്നവർ ഗ്രൗണ്ട് ഫീസ് കൊടുക്കേണ്ടി വരില്ല എന്നതും നേട്ടമായി ഉന്നയിക്കുന്നു.
നിലവിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത് താലൂക്കിന്‍റെ അറ്റത്തുള്ള പരപ്പനങ്ങാടിയിലും അച്ചനമ്പലത്തുമായിട്ടാണ്. ഇവിടേക്ക് ജനങ്ങൾക്ക് എത്താൻ വളരെയധികം പ്രയാസമാണ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പരപ്പനങ്ങാടിയിലും തിങ്കൾ, വെള്ളി ദിവസങ്ങളിൽ അച്ചനമ്പലത്തുമാണ് ടെസ്റ്റ് നടത്തുന്നത്.
രണ്ട് സ്ഥലങ്ങളിലായി ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതുകൊണ്ട് പൊതുജനങ്ങൾക്ക് സ്കൂളുകളുടെ സൗകര്യത്തിനു മാത്രമേ തീയതി എടുക്കാൻ പറ്റുകയുള്ളൂ. പരപ്പനങ്ങാടിയിലെ നിലവിലുള്ള ഗ്രൗണ്ട് വളരെയധികം അപകട ഭീഷണി ഉയർത്തുന്നതാണെന്ന് പരാതിയുണ്ട്.
വെള്ളം കെട്ടിനിൽക്കുന്ന പ്രദേശത്ത് താൽക്കാലികമായി കോറി വേസ്റ്റ് ഇട്ട് ഉയർത്തിയാണ് ടെസ്റ്റിന് സൗകര്യമൊരുക്കിയിട്ടുള്ളത്. വശങ്ങളിൽ സുരക്ഷഭിത്തികളും വേലികളും കെട്ടാത്തതുകൊണ്ട് ഏതു നിമിഷവും വെള്ളക്കെട്ടിലേക്ക് വീണ് അപകടം സംഭവിക്കാവുന്ന രീതിയിലാണ്.
ശക്തമായ മഴപെയ്താൽ ഗ്രൗണ്ടിൽ വെള്ളം കയറുന്ന അവസ്ഥയുമുണ്ട്. തിരൂരങ്ങാടി സബ് ആർ.ടി.ഒ ഓഫിസ് തുടങ്ങിയ കാലം മുതൽ ദേശീയപാതയോട് ചേർന്ന് കിടക്കുന്ന കോഴിച്ചെന ഗ്രൗണ്ടിൽ ആയിരുന്നു ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്നത്.
എന്നാൽ, ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കമ്പനി നിർമാണ പ്രവർത്തനം തുടങ്ങിയതോടെ ഗ്രൗണ്ട് നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് താൽക്കാലികമായി സ്വകാര്യ ഗ്രൗണ്ടിലേക്ക് മാറേണ്ടിവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.