തിരൂരങ്ങാടി ഫയർ സ്റ്റേഷൻ യാഥാർഥ്യമാകുമോ?
text_fieldsതിരൂരങ്ങാടി: തിരൂരങ്ങാടിയിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പൂക്കിപ്പറമ്പ് ബസ് അപകടത്തെ തുടർന്നാണ് തിരൂരങ്ങാടിയിൽ ഫയർ സ്റ്റേഷൻ വേണമെന്ന് ആവശ്യം ശക്തമായത്. 2001 മാർച്ച് 11ന് ഗുരുവായൂരിൽനിന്നും തലശ്ശേരിയിലേക്ക് പോകുന്ന പ്രണവം എന്ന സ്വകാര്യബസ് പൂക്കിപ്പറമ്പിൽ കാറിൽ ഇടിച്ചുമറിഞ്ഞ് 44 പേർ വെന്തുമരിച്ചിരുന്നു. അന്നുമുതൽ തുടങ്ങിയതാണ് തിരൂരങ്ങാടിയിൽ ഫയർ സ്റ്റേഷൻ വേണമെന്ന് ആവശ്യം. താലൂക്കായ തിരൂരങ്ങാടിയിലെ വിവിധ വാണിജ്യ വ്യാപാര കേന്ദ്രങ്ങളിൽ തീപിടിത്തം ഉണ്ടായാൽ നിലവിൽ തിരൂർ, മലപ്പുറം, മീഞ്ചന്ത, താനൂർ എന്നീ യൂനിറ്റുകളിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് തീ അണക്കുന്നത്.
പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്തതിനാൽ തീ കൂടുതലായി ആളിപ്പടരുകയാണ്. നാട്ടുകാരും വ്യാപാരികളും ചേർന്ന് സ്വകാര്യ കുടിവെള്ള ഏജൻസികളിൽനിന്നും വെള്ളം എത്തിച്ചാണ് പലപ്പോഴും അടിയന്തരമായി തീ അണക്കുന്നത്.
രണ്ടുവർഷം മുമ്പ് കക്കാട് വ്യാപാര സ്ഥാപനത്തിന് തീ പടർന്നപ്പോഴും വെന്നിയൂരിലെ പെയിന്റ് കടക്ക് തീപ്പടർന്നപ്പോഴും ഫയർഫോഴ്സ് എത്താൻ വൈകി. കഴിഞ്ഞദിവസം ചെമ്മാട് നാല് സ്ഥാപനങ്ങളിൽ തീപിടിത്തം നടന്നപ്പോഴും നാട്ടുകാരും പൊലീസും ഏറെ പണിപ്പെട്ടാണ് തുടക്കത്തിൽ തീ നിയന്ത്രണവിധേയമാക്കിയത്. കക്കാട്, കുളപ്പുറം, തലപ്പാറ, ചേളാരി വരെയുള്ള ദേശീയപാതകൾ അടിക്കടി ഉണ്ടാകുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിനും ഫയർഫോഴ്സ് എത്തുന്നത് വൈകുന്നുണ്ട്.
കടലുണ്ടി പുഴയിൽ പലപ്പോഴും മുങ്ങിമരണം സംഭവിക്കുന്ന സമയത്ത് ഫയർഫോഴ്സ് എത്താൻ വൈകുന്നതും ദുരന്തത്തിന് ആക്കം കൂട്ടാറുണ്ടായിരുന്നു. വർഷങ്ങളായി തിരൂരങ്ങാടിയിൽ ഫയർ സ്റ്റേഷൻ വേണമെന്ന് മുറവിളി കൂട്ടാൻ തുടങ്ങിയിട്ട്. കോഴിച്ചെനയിൽ ഒഴിഞ്ഞുകിടക്കുന്ന ഏഴ് ഏക്കർ ഭൂമിയിൽ ഫയർ സ്റ്റേഷൻ നിർമിക്കുന്നതിന് പ്രൊപ്പോസൽ നൽകിയെങ്കിലും ഈ ഭൂമി കേന്ദ്രസർക്കാറിന്റേതാണോ സംസ്ഥാനസർക്കാറിന്റേതാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് പറഞ്ഞ് ചുവപ്പ് നാടയിലായിരുന്നു.
പി.കെ. അബ്ദുറബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്താണ് ബജറ്റിൽ പ്രഖ്യാപനം നടത്തിയത്. ബജറ്റിൽ പ്രഖ്യാപനത്തിന്റെ അടിസ്ഥാനങ്ങൾ ബന്ധപ്പെട്ട കാര്യങ്ങൾ മുന്നോട്ടുപോയെങ്കിലും സ്ഥലത്തിന്റെ സംശയം പറഞ്ഞ് ഉദ്യോഗസ്ഥർ തുടർനടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. യൂനിവേഴ്സിറ്റി, കുളപ്പുറം എന്നീ പ്രദേശങ്ങളിൽ ഫയർ സ്റ്റേഷൻ വരുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. പൊതുപ്രവർത്തകനായ കെ.എം. അബ്ദുൽ ഗഫൂർ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ തിരൂരങ്ങാടിയിൽ ഫയർ സ്റ്റേഷൻ രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.