തിരൂരങ്ങാടി ആര്.ടി ഓഫിസ് വ്യാജ ആർ.സി നിര്‍മാണം; ഉദ്യോഗസ്ഥ സഹായത്താലെന്ന് മൊഴി
text_fieldsതിരൂരങ്ങാടി: തിരൂരങ്ങാടി സബ് ആര്.ടി.ഒ ഓഫിസില്‍ പണപ്പിരിവിന് പ്രത്യേക സംഘമെന്ന് മൊഴി. ഓഫിസിലെ പ്രധാന ഉദ്യോഗസ്ഥരുടെയടക്കം സഹായത്താലാണ് വ്യാജ ആർ.സി നിര്‍മാണം നടന്നതെന്നും കേസില്‍ കഴിഞ്ഞദിവസം പിടിയിലായ ഉള്ളണം മുണ്ടിയാന്‍കാവ് സ്വദേശി കരുവാടത്ത് നിസാര്‍ പൊലീസിന് മൊഴി നൽകി. അനധികൃതമായി നടക്കുന്ന എല്ലാ കാര്യത്തിനും ആര്.ടി.ഒ ഓഫിസില്‍ പ്രത്യേക തുകയാണ്. പണപ്പിരിവിനുള്ള ഏജന്റുമാരില്‍നിന്ന് ഉദ്യോഗസ്ഥര്‍ നേരിട്ട് പണം വാങ്ങുന്നതിനു പകരം ഇടനിലക്കാരാണ് പണം സ്വീകരിക്കുക. ഓരോ ജീവനക്കാര്‍ക്കുംവേണ്ടി അവര്‍ നിർദേശിക്കുന്ന ആള്‍ക്കാണ് പണം നല്‍കേണ്ടത്. ജീവനക്കാര്‍ക്കും ആര്.ടി.ഒ ഓഫിസര്‍ക്കും പ്രത്യേകം തുക നല്‍കണം. ഇത് പിരിച്ചെടുത്ത് ആഴ്ചയില്‍ ഇവരുടെ വീടുകളിലെത്തിക്കണം. വിജിലന്‍സില്‍നിന്ന് രക്ഷപ്പെടാനായാണിത്.
വ്യാജ ആര്.സി നിര്‍മിക്കാൻ ക്ലര്‍ക്കിന് 1000 രൂപയും ഓഫിസര്‍ക്ക് 2000 രൂപയുമാണ് നല്‍കുന്നതെന്നും ആര്.സി നിർമാണത്തിലെ പ്രധാന കണ്ണിയായ നിസാര്‍ മൊഴി നല്കി. ഫൈനാൻസുകാർ പിടികൂടിയ വാഹനങ്ങൾ മാറ്റിക്കിട്ടാനും തിരൂരങ്ങാടി സബ് ആര്.ടി.ഒ ഓഫിസില്‍ ‘സംവിധാന’മുണ്ട്. ഫിനാന്‍സ് കമ്പനി പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് വ്യാജ ആര്.സി നിര്‍മിച്ച് അത് ഔദ്യോഗിക സൈറ്റില്‍ അപ് ലോഡ് ചെയ്യാനും മറ്റും ആര്.ടി.ഒ ഓഫിസിലെ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചു. രേഖകളില്ലാത്ത വാഹനത്തിന് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റിൽ അപേക്ഷ സമര്‍പ്പിച്ചാണ് വ്യാജ ആര്.സി നിര്‍മിക്കുന്നത്.
സര്‍ട്ടിഫിക്കറ്റുകൾ പരിശോധിക്കാതിരിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കുന്നത്. ഏഴു വ്യാജ ആര്.സികളുടെ വിവരങ്ങളാണ് പുറത്തുവന്നതെങ്കിലും നൂറുകണക്കിന് വാഹനങ്ങളുടെ ആര്.സികള്‍ ഇങ്ങനെ മാറ്റിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.