മാറ്റം കൊതിച്ച് തിരൂരങ്ങാടി താലൂക്ക് ആശുപത്രി
text_fieldsതിരൂരങ്ങാടി: ചെമ്മാട്ട് 4.63 ഏക്കർ വിസ്തൃതിയിലാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രി. 1970 മുതൽ സർക്കാർ ഡിസ്പെൻസറിയായാണ് പ്രവർത്തനം ആരംഭിച്ചത്. 157 കിടക്കകളുള്ള ആശുപത്രിയിൽ കെട്ടിടങ്ങളുടെ ആസൂത്രണമില്ലായ്മയാണ് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. നിലവിൽ എക്സ് റേ പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ച് ഇവിടെ പുതിയ ഡയാലിസിസ് കേന്ദ്രം നിർമിക്കാൻ കിഫ്ബിയിൽനിന്ന് 14 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
എന്നാൽ, പുതിയ കെട്ടിടം നിർമിക്കാനായുള്ള പ്രാരംഭ പ്രവൃത്തികൾ ഒന്നും ആരംഭിച്ചിട്ടില്ല. ഈ കെട്ടിടം പണി പൂർത്തീകരിച്ചാലേ ഡയാലിസിസ് യൂനിറ്റ് പൂർണാർഥത്തിൽ പ്രവർത്തിപ്പിക്കാനാവൂ. പുതിയ കെട്ടിടത്തിലേക്ക് നിലവിലുള്ള ഡയാലിസിസ് ഉപകരണത്തിന് പുറമെ എം.പി ഫണ്ടിൽനിന്ന് അഞ്ച് മെഷീനും സ്വകാര്യ വ്യക്തി നൽകിയ രണ്ടു ഡയാലിസിസ് മെഷീനും തയാറായിട്ടുണ്ട്. എന്നാൽ, കെട്ടിടം ഇല്ലാത്തത് വെല്ലുവിളിയാണ്.
ജീവനക്കാരുടെ കുറവ്
ഹൃദ്രോഗികളുടെ എണ്ണം അനുദിനം വർധിക്കുമ്പോഴും താലൂക്ക് ആശുപത്രിയിൽ ഹൃദ്രോഗ വിദഗ്ധന്റെ സേവനം ലഭ്യമല്ല. ഇത്തരം രോഗികളെ മെഡിക്കൽ കോളജിലേക്കോ, ജില്ല ആശുപത്രിയിലേക്കോ റഫർ ചെയ്യാറാണ് പതിവ്. ഹൃദ്രോഗ വിദഗ്ധന്റെ സേവനം വേണമെന്നുള്ള ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. കൂടാതെ താലൂക്ക് ആശുപത്രിക്ക് വേണ്ട രീതിയിലുള്ള സ്റ്റാഫുകളുടെ കുറവാണ് മറ്റൊരു പ്രശ്നം. ഒ.പിയിൽ ശരാശരി ആയിരക്കണക്കിന് രോഗികൾ എത്തുമ്പോഴാണ് ഈ അടിസ്ഥാന ആവശ്യങ്ങളുടെ കുറവ് എന്നത് എടുത്തുപറയേണ്ടതാണ്.
മലിനജല പ്രശ്നത്തിന് പ്ലാന്റ്
ആശുപത്രി നേരിടുന്ന മറ്റൊരു പ്രശ്നമാണ് മലിനജലം. ഇതിന് പരിഹാരമായി നിലവിൽ സ്വീവേജ് പ്ലാന്റ് 1.50 കോടി രൂപ ചെലവിൽ പണി പുരോഗമിക്കുകയാണ്. ഒരു കോടി എൻ.എച്ച്.എം, 50 ലക്ഷം തിരൂരങ്ങാടി നഗരസഭയും ഇതിനായി വകയിരുത്തിയിട്ടുണ്ട്.
മേന്മയായി അവാർഡ്
കഴിഞ്ഞ പ്രാവശ്യം സംസ്ഥാന സർക്കാറിന്റെ മികച്ച ആശുപത്രിക്കുള്ള കായകൽപ അവാർഡ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്കായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനമുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.