തിരൂർ റെയിൽവേ മേൽപാലം: പ്രതിഷേധവുമായി ഇടതുപക്ഷം
text_fieldsതിരൂർ: നിർമാണം പൂർത്തിയാകും മുമ്പ് തിരൂർ റെയിൽവേ മേൽപാലം തുറന്ന് കൊടുക്കാൻ ശ്രമിച്ച തിരൂർ നഗരസഭ ചെയർപേഴ്സന്റെയും യു.ഡി.എഫിന്റെയും നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സെൻട്രൽ ജങ്ഷനിൽ നിന്നാരംഭിച്ച പ്രകടനം സിറ്റി ജങ്ഷൻ പരിസരത്ത് സമാപിച്ചു. പ്രതിഷേധ യോഗം സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. പി. ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. പി.പി ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. അഡ്വ. എസ്. ഗിരീഷ് സംസാരിച്ചു. ടി. ദിനേശ് കുമാർ സ്വാഗതവും എം. ആസാദ് നന്ദിയും പറഞ്ഞു.
തിരൂർ: നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിൽ അതിക്രമിച്ചുകയറി, നിർമാണത്തിലിരിക്കുന്ന തിരൂർ റെയിൽവേ മേൽപാലത്തിലൂടെ വാഹനങ്ങൾ ഓടിച്ചെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
ടാറിങ് പോലും പൂർത്തിയാകാത്ത മേൽപാലമാണ് ബാരിക്കേഡുകൾ തകർത്ത് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ ശ്രമിച്ചത്. പാലത്തിൽ കയറാതിരിക്കാൻ സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്താണ് യു.ഡി.എഫ് പ്രവർത്തകർ പാലത്തിൽ വാഹനങ്ങൾ കയറ്റിയത്. നഗരസഭ ചെയർപേഴ്സൻ അടക്കമുള്ള യു.ഡി.എഫ് പ്രവർത്തകരുടേത് ധിക്കാര നടപടിയാണെന്ന് ആരോപിച്ചായിരുന്നു ഡി.വൈ.എഫ്.ഐ പ്രവർത്തകർ തിരൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്. സെൻട്രൽ ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം സിറ്റി ജങ്ഷൻ ചുറ്റി പാലത്തിന് സമീപം സമാപിച്ചു. തിരൂർ ബ്ലോക്ക് സെക്രട്ടറി പി. സുമിത്ത്, പ്രസിഡന്റ് കെ. നൗഫൽ എന്നിവർ സംസാരിച്ചു.
ടി. ഷിനി, കെ. ധനേഷ്, മനേഷ്, പി. ഷറഫുദ്ദീൻ, ജിതിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.