തിരൂരങ്ങാടി നഗരസഭ; 15.56 കോടിയുടെ അമൃത് പദ്ധതിക്ക് ടെൻഡര്‍
text_fieldsതിരൂരങ്ങാടി: നഗരസഭയിലെ ജലക്ഷാമത്തിന് പരിഹാരമായി നടപ്പാക്കുന്ന 15.56 കോടിയുടെ അമൃത് പദ്ധതിയുടെ ടെൻഡര്‍ ഏറ്റെടുത്ത് എ.ബി.എം ഫോര്‍ ബില്‍ഡേഴ്സ് കമ്പനി.
കക്കാട് ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍), കല്ലക്കയം പദ്ധതി പൂര്‍ത്തീകരണം, പമ്പിങ് ലൈന്‍, ട്രാന്‍സ്ഫോര്‍മര്‍, ആയിരം ഹൗസ് കണക്ഷനുകള്‍ തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. കഴിഞ്ഞ ആഴ്ച തുറന്ന ടെൻഡറില്‍ 11.50 കോടിയുടെ വിവിധ കുടിവെള്ള പദ്ധതികള്‍ എ.ബി.എം ഫോര്‍ ബില്‍ഡേഴ്സ് കമ്പനിക്ക് ലഭിച്ചിരുന്നു. ഇതോടെ 30 കോടിയോളം രൂപയുടെ പ്രവൃത്തികളാണ് നഗരസഭയില്‍ യാഥാർഥ്യമാകുക. സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍നിന്ന് വാട്ടര്‍ അതോറിറ്റി 15-6-2022ന് ഭരണാനുമതി നല്കിയ ചന്തപ്പടി ടാങ്ക്, പമ്പിങ് മെയിന്‍ ലൈന്‍ റോഡ് പുനരുദ്ധാരണം, കരിപറമ്പ് ടാങ്ക്, വിതരണ ശൃംഖല, റോഡ് പുനരുദ്ധാരണം, പൈപ്പ് ലൈന്‍ തുടങ്ങിയ പ്രവൃത്തികളാണ് കഴിഞ്ഞ ആഴ്ച ടെൻഡറായത്. അമൃത് പദ്ധതികള്‍ ഉള്‍പ്പെടെ നേരത്തെ ടെൻഡര്‍ ചെയ്തപ്പോഴുണ്ടായ പ്രതിസന്ധികളെ തുടര്‍ന്ന് കെ.പി.എ. മജീദ് എം.എല്‍.എയും തിരൂരങ്ങാടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങലും ഇ.പി. ബാവയും തിരുവനന്തപുരത്ത് വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു.
ഈ ചര്‍ച്ചയില്‍ അടിയന്തരമായി വിവിധ പദ്ധതികള്‍ റീ ടെന്‍ഡര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കെ.പി.എ. മജീദ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് വാട്ടര്‍ അതോറിറ്റി ഉന്നതതല യോഗം ചേർന്ന് ടെൻഡര്‍ നടപടി ത്വരിതപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. കുടിവെള്ള പദ്ധതികള്‍ ഉടന്‍ യാഥാർഥ്യമാക്കുമെന്ന് കെ.പി.എ. മജീദ് എം.എല്‍.എ, നഗരസഭ ചെയര്മാന് കെ.പി. മുഹമ്മദ്കുട്ടി, വികസനകാര്യ ചെയര്മാന് ഇഖ്ബാല്‍ കല്ലുങ്ങല്‍, ആരോഗ്യകാര്യ ചെയര്മാന് സി.പി. ഇസ്മായില്‍ എന്നിവർ അറിയിച്ചു. ടെൻഡര്‍ നടപടി പൂര്‍ത്തിയായാല്‍ എത്രയും വേഗം നിര്‍മാണം തുടങ്ങുമെന്ന് കരാറെടുത്ത എ.ബി.എം ഫോര്‍ ബില്‍ഡേഴ്സ് കമ്പനി മാനേജിങ് ഡയറക്ടർ വി.പി. അയ്യൂബ്, ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ നജീബ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.