തുഞ്ചൻ വിദ്യാരംഭ കലോത്സവത്തിന് തിരശ്ശീല
text_fieldsതിരൂർ: അഞ്ചുദിവസം നീണ്ടുനിന്ന തുഞ്ചന്‍ വിദ്യാരംഭം കലോത്സവത്തിന് ചൊവ്വാഴ്ച തിരൂർ തുഞ്ചൻപറമ്പിൽ തിരശ്ശീല വീണു. വെള്ളിയാഴ്ച ആരംഭിച്ച തുഞ്ചന്‍ വിദ്യാരംഭം കലോത്സവം ആസ്വദിക്കാനും എഴുത്തിനിരുത്തൽ ചടങ്ങിനുമായി സമാപന ദിവസമായ ചൊവ്വാഴ്ച വരെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനായ എം.ടി. വാസുദേവൻ നായർ തുഞ്ചൻ പറമ്പിലെ അദ്ദേഹത്തിന്റെ വിശ്രമ കേന്ദ്രത്തിലുണ്ടായിരുന്നെങ്കിലും ഇത്തവണ എഴുത്തിനിരുത്തൽ ചടങ്ങിൽ പങ്കെടുത്തില്ല. ആലങ്കോട് ലീലാകൃഷ്ണൻ, പി.കെ. ഗോപി, മണമ്പൂര്‍ രാജന് ബാബു, കെ.എസ്. വെങ്കിടാചലം, ശ്രീദേവി പി. അരവിന്ദ്, അശോക് ഡിക്രൂസ്, രാധാമണി അയങ്കലം തുടങ്ങിയ എഴുത്തുകാരാണ് ഇത്തവണ കുരുന്നുകൾക്ക് ആദ്യക്ഷരം നുകർന്ന് നൽകിയത്.
കുട്ടികൾക്കായി തയാറാക്കിയ അക്ഷരമാല, രാമായണമൃതം എന്നീ പുസ്തകങ്ങൾ ഇത്തവണ തുഞ്ചൻ വിദ്യാരംഭ കലോത്സവത്തിന്റെ പ്രത്യേകതകളായിരുന്നു. ഷാഫി സബ്ക്കയുടെ ഗസല്‍ വിരുന്ന് ആസ്വാദിക്കാൻ നല്ല തിരക്കായിരുന്നു. സമാപന ദിവസം വിദ്യാരംഭം ചടങ്ങുകൾക്ക് ശേഷം തിരൂര്‍ രാഗമാലിക സ്കൂള്‍ ഓഫ് മ്യൂസിക്ക് അവതരിപ്പിച്ച ത്യാഗരാജചരിതം അരങ്ങേറി. തുടർന്ന് ലളിത കലാസമിതി തൃക്കണ്ടിയൂരിന്റെ നൂപുരദര്പ്പണം നൃത്തനാടകത്തോടെ ഈ വർഷത്തെ തുഞ്ചൻ വിദ്യാരംഭ കലോത്സവത്തിന് തിരശ്ശീല വീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.