നന്നമ്പ്ര ഗ്രാമപഞ്ചായത്തിന്റെ വാഹനം ആക്രി സാധനങ്ങൾക്കൊപ്പം; പ്രതിഷേധം ശക്തം
text_fieldsതിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിന്റെ കാർ ആക്രി സാധനങ്ങളോടൊപ്പം ഗോഡൗണിൽ കൂട്ടിയിട്ട നിലയിൽ. പുതിയ കാർ വാങ്ങിയപ്പോൾ 2008ൽ വാങ്ങിയ ബൊലേറോ വാഹനമാണ് പഴയ സാധനങ്ങൾക്കൊപ്പം കൊണ്ടിട്ടത്. മുൻ ഭരണസമിതിയുടെ കാലത്ത് പുതിയ വാഹനം വാങ്ങിയപ്പോൾ പഴയത് പി.എച്ച്.സിയുടെ ആവശ്യങ്ങൾക്കായി നൽകാനാണ് തീരുമാനിച്ചത്.
പഞ്ചായത്ത് വകുപ്പും ആരോഗ്യവകുപ്പും തമ്മിലുള്ള കൈമാറ്റം നടക്കാതായതോടെ പഞ്ചായത്ത് പഴയ വാഹനം പി.എച്ച്.സി കോമ്പൗണ്ടിൽ കയറ്റിയിട്ടു. ഒന്നരവർഷത്തോളം ഉപയോഗിക്കാതെ പൊതുമുതൽ പൊടിപിടിച്ച് തുരുമ്പെടുത്തത് ജനങ്ങൾ പ്രശ്നമാക്കിയതോടെയാണ് പഞ്ചായത്ത് ആരുമറിയാതെ എം.സി.എഫ് കോഡൗണിൽ എത്തിച്ച് മൂടിയിട്ടത്.
കൊടിഞ്ഞി പാലപാർക്കിൽ പഞ്ചായത്ത് വാടകക്കെടുത്ത എം.സി.എഫ് ഗോഡൗണിലാണ് ഇപ്പോൾ വാഹനം. ഹരിതകർമ സേന പഴയ പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ച് കൊണ്ടിട്ട് തരംതിരിക്കുന്ന കേന്ദ്രമാണിത്. വാഹനത്തിന് മുകളിൽ പഴകിയ സാധനങ്ങൾ കുത്തിനിറച്ചിട്ടുണ്ട്. സമീപവാസി കണ്ടതോടെയാണ് വിവരം പുറംലോകം അറിയുന്നത്. 2023 വരെ രജിസ്ട്രേഷനും 2022 മേയ് വരെ ഇൻഷുറൻസുള്ള വാഹനമാണിത്. പഞ്ചായത്തിൽ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ പഴയ ഭരണസമിതിയെ പഴിചാരി ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.