വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം 10 വർഷം പിന്നിടുന്നു
text_fieldsതിരൂരങ്ങാടി: ന്യൂനപക്ഷ ക്ഷേമം ലക്ഷ്യമിട്ട് 2012ല്‍ ആരംഭിച്ച വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം 10 വര്‍ഷം പൂര്‍ത്തീകരിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കൊളപ്പുറം അത്താണിക്കലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തിലെ യുവതീയുവാക്കള്‍ക്ക് സൗജന്യമായാണ് പരിശീലനം നല്‍കുന്നത്. ഉദ്യോഗാർഥികളെ വിവിധ മത്സരപരീക്ഷകളില്‍ ഉന്നതവിജയം നേടി സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലിക്ക് അര്ഹരാക്കുന്നതിനുവേണ്ടി പ്രാപ്തരാക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. രണ്ട് ബാച്ചുകളിലായി 180 പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. ആറുമാസം നീളുന്ന പരിശീലനം പൂര്‍ത്തിയാക്കുന്നതോടെ പി.എസ്.സി അടക്കമുള്ള മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നതിന് പ്രാവീണ്യം നേടും. മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്ന നിര്‍ധന ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസമാകുന്നതാണ് ഈ കേന്ദ്രം. ഈ കാലയളവില്‍ സെന്ററിന് കീഴില്‍ 4200 വിദ്യാർഥികളില്‍ 600ഓളം പേര് ഇതിനോടകം ജോലിയില്‍ പ്രവേശിച്ചതായി പ്രിന്‍സിപ്പല്‍ പ്രഫ. പി. മമ്മദ് പറഞ്ഞു. ഈ കേന്ദ്രത്തിന് കീഴില്‍ മലപ്പുറം മേല്‍മുറി മഅദിന്‍ അക്കാദമി, ശിഹാബ് തങ്ങള്‍ ലൈബ്രറി മലപ്പുറം, മലബാര്‍ കോഓപറേറ്റിവ് കോളജ് പരപ്പനങ്ങാടി ഉള്‍പ്പെടെ മൂന്ന് ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. 160 പേരാണ് ഉപകേന്ദ്രങ്ങളില്‍ പഠിക്കുന്നത്. ഇവിടെ അവധി ബാച്ചുകളാണ് നടത്തുന്നത്.
പഠിച്ചിറങ്ങി സർക്കാർ ജോലിയിൽ അടുത്തിടെ പ്രവേശിച്ച 29 ഉദ്യോഗാര്‍ഥികളെയും വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ 21 പേരെയും നവംബർ അഞ്ചിന് അനുമോദിക്കാനുള്ള തീരുമാനത്തിലാണ് സെന്റർ. സമീപ പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി വിവിധ സ്കൂളുകളില്‍ പാസ്വേഡ് എന്ന പേരില്‍ നാല്പതോളം കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍ ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.