വിളവെടുത്ത പച്ചക്കറി പാവപ്പെട്ടവർക്ക് നൽകി യുവകർഷകൻ
text_fieldsതിരൂരങ്ങാടി: വിളവെടുത്ത ജൈവ പച്ചക്കറികളെല്ലാം പാവപ്പെട്ടവർക്ക് സൗജന്യമായി നൽകി ചക്കപറമ്പിൽ അബ്ദുൽ നാസർ എന്ന യുവകർഷകൻ. വെന്നിയൂർ കപ്രാട് പാടത്ത് 50 സെൻറ് സ്ഥലത്താണ് 39കാരനായ അബ്ദുൽ നാസർ കൃഷിയിറക്കിയിരിക്കുന്നത്. ജനുവരി അവസാന വാരത്തിലാണ് പച്ചക്കറി കൃഷി ചെയ്തത്. തീർത്തും ജൈവകൃഷിയാണ് ചെയ്തത്. വിളഞ്ഞത് നൂറുമേനിയും.
ചൊവ്വാഴ്ചയാണ് ആദ്യഘട്ടം വിളവെടുപ്പ് നടത്തിയത്. ചെരങ്ങ, മത്തൻ, വെള്ളരി, വെണ്ട എന്നിങ്ങനെ 300 കിലോയാണ് ആദ്യഘട്ടം വിളവെടുത്തത്. വിളവെടുത്തതെല്ലാം വിഷു പ്രമാണിച്ച് വീടുകളിലേക്ക് സൗജന്യമായി നൽകി. കഴിഞ്ഞ കോവിഡ് കാലത്ത് ഇതുപോലെ കൃഷിയിൽ വിളവെടുത്ത 1000 കിലോ പച്ചക്കറി 250 വീടുകളിൽ സൗജന്യമായി എത്തിച്ചുനൽകി അബ്ദുൽ നാസർ മാതൃകയായിരുന്നു. നാട്ടുകാരും കൈത്താങ്ങായി കൂടെയുണ്ട്. കൃഷിയിലേക്കുള്ള ജൈവവളങ്ങൾ പൂർണമായും നാട്ടുകാരാണ് നൽകുന്നത്.
സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനാണ് അബ്ദുൽ നാസർ. പണിക്ക് പോവുന്നതിനു മുമ്പ് രാവിലെ ആറു മുതൽ ഒമ്പതു വരെ കൃഷി പരിചരിക്കും. വൈകീട്ട് എത്തിയ ശേഷവും കൃഷിയിടത്തിൽ സമയം കണ്ടെത്തും. ഭാര്യയും ഭാര്യയുടെ സുഹൃത്തുക്കളുമാണ് കൃഷി എല്ലാ ദിവസവും പരിചരിക്കുന്നത്. കപ്രാട് ലൈബ്രറി, പള്ളി, മദ്റസ എന്നിവയുടെ അമരത്തും അബ്ദുൽ നാസറുണ്ട്. ആദ്യ വിളവെടുപ്പ് മാത്രമാണ് കൂട്ടമായി എല്ലാവർഷവും എടുക്കാറുള്ളത്. ബാക്കിയെല്ലാം ദിനം പ്രതി കിറ്റുകളാക്കി പാടത്തുനിന്നുതന്നെ പാവപ്പെട്ടവരുടെ വീട്ടിലെത്തിക്കും. ഒരു ആഗ്രഹംകൂടി നാസറിന് ബാക്കിയുണ്ട്. ഒരു വർഷത്തെ പച്ചക്കറികൾ മുഴുവൻ വിറ്റ് ആ പണം സി.എച്ച് സെൻററിലെ രോഗികൾക്ക് നൽകണം. ഈ ആഗ്രഹത്തിനാണ് നാസറിെൻറ അടുത്ത കൃഷി. ചക്കപറമ്പിൽ സൈതലവി -ബിയ്യക്കുട്ടി ദമ്പതികളുടെ മകനാണ് അബ്ദുൽ നാസർ. ഭാര്യ: സൈഫത്ത്. മക്കൾ: തൻഹ, മിൻഹ, റൻഹ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.