പുലർച്ചെ യുവാവിന്‍റെ പരാക്രമം; വാഹനങ്ങളും കടകളും തകർത്തു
text_fieldsമലപ്പുറം: വെള്ളിയാഴ്ച പുലർച്ചെ 2.30 ഓടെ തിരുവാലി പഞ്ചായത്തിലെ എറിയാട് ഭാഗത്ത് യുവാവിൻ്റെ പരാക്രമം. റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് ലോറിയെടുത്ത് നിരവധി കച്ചവട സ്ഥാപനങ്ങൾ ഇടിച്ചു തകർത്തു. പ്രദേശത്തെ പെട്രാൾ പമ്പിലും നാശ നഷ്ടങ്ങൾ വരുത്തി. റോഡരികിൽ നിർത്തിയിട്ട സ്വകാര്യ ബസിൻ്റെ ഗ്ലാസുകളും തകർത്തിട്ടുണ്ട്.
എടവണ്ണ ചാത്തല്ലൂർ ഒതായി സ്വദേശി തത്രപ്പള്ളി അബ്ദുൾ ഹക്കീം ആണ് എറിയാട് ഭാഗത്ത് പുലർച്ചേ പരിഭ്രാന്തി പടർത്തിയത്. പ്രദേശത്തെ ഒരു ടൈൽസ് കടയിലേക്ക് വലിയ ലോറിയിൽ എത്തിയതായിരുന്നു ഇയാൾ. പുലർച്ചെ 2.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. താഴെ കോഴി പറമ്പിൽ വാടകക്ക് താമസിക്കുന്ന വിജീഷ് തൻ്റെ ക്വാർട്ടേഴ്സിനു മുന്നിൽ കോഴി കച്ചവടവുമായി ബന്ധപ്പെട്ട് തന്നെ കാണാൻ വന്ന വണ്ടിയിലുള്ളവരുമായി സംസാരിക്കുകയായിരുന്നു.
ഇതിനിടയിൽ ഇവിടെക്കെത്തിയ ഹക്കിം ഇവരെ ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാനായി മൂവരും ക്വാർട്ടേഴ്‌സിനുള്ളിലേക്ക് ഒാടിക്കയറി. ഈ സമയം ലോറിയിലുണ്ടായിരുന്ന ജാക്കിയെടുത്ത് ജനലുകൾ തകർത്തു. തുടർന്ന്, അവിടെയുണ്ടായിരുന്ന പിക്കപ്പ് ലോറിയെടുത്ത് കടന്നു കളയുകയായിരുന്നു.
തൊട്ടടുത്ത്, വാളശേരി സൈഫുന്നാസറിൻ്റെ വീടുനു സമീപം റോഡരികിലുണ്ടായിരുന്ന ഫാസ്റ്റ്ഫുഡ് കട തകർത്തു. ഇതിനു ശേഷം പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടി വാഹനങ്ങൾ ലേലത്തിലെടുത്ത് പൊളിച്ച് വിൽപ്പന നടത്തുന്ന സ്ഥാപനത്തിൻ്റെ ഓഫീസും മിനിലോറിയിടിച്ച് തകർത്തു.
തുടർന്ന് പെട്രോൾ പമ്പിലെത്തിയ ഹക്കീം ബില്ലിംങ്ങ് യൂണിറ്റും, ഡിസ്പെൻസർ യൂണിറ്റിൻ്റെ ഡിസ്പ്ലേയും നശിപ്പിച്ചു. തോട്ടടുത്ത് റോഡരികിൽ നിർത്തിയിട്ട സ്വകാര്യ ബസിൻ്റെ മുന്നിലേയും പുറകിലേയും ഗ്ലാസുകൾ തകർത്തു.
തുടർന്ന് റോഡരികിൽ നിർത്തിയിട്ട രണ്ട് ബൈക്കുകൾക്കും നാശമുണ്ടാക്കി. തുടർന്ന് നാട്ടുകാർ ഓടിയെത്തി ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഹക്കീം മാനസിക പ്രശ്നങ്ങളുള്ള ആളാണെന്ന് സൂചനയുണ്ട്. ഇക്കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണെന്ന് സി.ഐ ഇ.ഗോപകുമാർ അറിയിച്ചു. എട്ട് പേർ സ്റ്റേഷനിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.