ദുരിതം തീരാതെ കോട്ടക്കുന്നുകാർ; രാത്രിക്ക് രാത്രി അവർ വീടുവിട്ടു, ഇനി ടൗൺഹാൾ ശരണം
text_fieldsമലപ്പുറം: കനത്ത മഴയെ തുടർന്ന് കോട്ടക്കുന്ന് നിവാസികളെ വീണ്ടും ടൗൺഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രാത്രി 8.30ഓടെയാണ് കലക്ടറുടെ നിർദേശത്തെ തുടർന്ന് വില്ലേജ് ഓഫിസർ പി.പി. ബാബുവിന്‍റെയും വാർഡ് അംഗം രമണിയുടെയും നേതൃത്വത്തിലാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്.
അഞ്ച് കുടുംബങ്ങളിൽനിന്നായി 18 പേരാണ് ഇപ്പോൾ ക്യാമ്പിലെത്തിയതെന്ന് വില്ലേജ് ഓഫിസർ അറിയിച്ചു. ആദ്യഘട്ടം മൂന്ന് കുടുംബങ്ങളാണ് മാറി താമസിക്കാൻ തയാറായത്. ബാക്കിയുള്ള കുടുംബങ്ങളെ കൂടി മാറ്റി. ജൂലൈ 16നും സമാനരീതിയിൽ കുടുംബങ്ങളെ മാറ്റേണ്ടി വന്നിരുന്നു.
വ്യാഴാഴ്ച മാറ്റിയതടക്കം ഇത് നാലാം തവണയാണ് കോട്ടക്കുന്ന് നിവാസികളെ ദുരന്തഭീതി കാരണം ടൗൺഹാളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ കുടുംബങ്ങളെ തിരികെ പോകാൻ അനുവദിക്കൂവെന്ന് വില്ലേജ് ഓഫിസർ അറിയിച്ചു.
അതേസമയം, കോട്ടക്കുന്നിന് മുകളിൽനിന്ന് വെള്ളം കുത്തിയൊഴുകിയത് കാരണം ചെറാട്ടുകുഴിയിലെ രണ്ട് വീടുകളുടെ മതിൽ തകർന്നു. ഇത് ഒഴിച്ചാൽ മറ്റു നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല.
കൂട്ടിലങ്ങാടിയിൽ റോഡിൽ വെള്ളക്കെട്ട്; ഗതാഗതതടസ്സം
മലപ്പുറം: മണിക്കൂറുകളോളം കനത്തുപെയ്ത മഴയിൽ കൂട്ടിലങ്ങാടിയിൽ റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. പാറടി-ചെലൂർ റോഡിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.
ഈ ഭാഗത്തെ വീടുകളിലേക്കും പള്ളിയിലേക്കും വെള്ളം കുത്തിയൊഴുകിയെത്തി. രാത്രി ഒമ്പതോടെയാണ് വലിയ തോതിൽ വെള്ളം ഇരച്ചെത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. പാറടി റോഡിൽ വലിയ വാഹനങ്ങൾക്ക് മാത്രമാണ് കടന്നുപോകാനായത്.
കാറുകളും ബൈക്കുകളുമെല്ലാം വഴി തിരിച്ചുവിട്ടു. അപടഭീതിയെ തുടർന്ന് ഈ ഭാഗത്തെ ട്രാൻഫോർമറിലേക്കുള്ള വൈദ്യുതി കെ.എസ്.ഇ.ബി അധികൃതരെത്തി വിച്ഛേദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.