സസ്യലോകത്തേക്ക് മൂന്ന് പുതിയ അതിഥികള്‍ കൂടി
text_fieldsതേഞ്ഞിപ്പലം: ഇടുക്കിയില്‍നിന്ന് സസ്യലോകത്തേക്ക് മൂന്ന് പുതിയ അതിഥികളെ കണ്ടെത്തി കാലിക്കറ്റ് സര്‍വകലാശാല ഗവേഷകര്‍. ബോട്ടണി പഠനവിഭാഗം പ്രഫ. ഡോ. സന്തോഷ് നമ്പി, ഗവേഷകരായ വിഷ്ണു മോഹന്‍, ഡാനി ഫ്രാന്‍സിസ്, ദിവ്യ കെ. വേണുഗോപാല്‍ എന്നിവരടങ്ങുന്ന സംഘമാണ് പുതിയ സസ്യങ്ങളെ കണ്ടെത്തിയത്.
കാശിത്തുമ്പ കുടുംബമായ (ബാള്സാമിനെസിയെ) ഇമ്പേഷ്യന്‍സ് ജനുസ്സില്‍ ഉള്‍പ്പെട്ടതാണ് ആദ്യ രണ്ടെണ്ണം. ഇമ്പേഷ്യന്‍സ് നിദോലപത്ര, ഇമ്പേഷ്യന്‍സ് ഗ്രാന്‍ഡിസ്പോറ എന്നിങ്ങനെ പേരിട്ട ഇവയെ ഇടുക്കി ജില്ലയിലെ മാങ്കുളം വനമേഖലയില്‍ നിന്നാണ് കണ്ടെത്തിയത്. പിങ്ക് നിറത്തിലുള്ള പൂക്കളും നേര്‍ത്ത ഇലകളുമാണ് ഇമ്പേഷ്യന്‍സ് നിദോലപത്രയെ വ്യത്യസ്തമാക്കുന്നത്. ഇലകളുടെ സവിശേഷതയാണ് നദോലപത്ര എന്ന പേര് നല്കാന് കാരണം. ഇളം റോസ് നിറത്തിലൂള്ള ഭംഗിയേറിയ ദളങ്ങളും വലിപ്പമേറിയ പരാഗരേണുക്കളുമാണ് ഇമ്പേഷ്യന്‍സ് ഗ്രാന്ഡിസ്പോറയുടെ സവിശേഷതകള്‍.
പരാഗരേണുക്കളുടെ വലിപ്പമാണ് ആ പേര് നല്കാന് കാരണമായത്. കാലവര്ഷത്തിെൻറ അവസാനത്തോടെ പുഷ്പിക്കുകയും പിന്നീടുണ്ടാകുന്ന അപ്രതീക്ഷിത മഴയില്‍ ഇല്ലാതാകുകയും ചെയ്യും. എന്നാല്‍, മണ്ണിനടിയില്‍ അവശേഷിക്കുന്ന കിഴങ്ങുകള്‍ അനുയോജ്യ കാലാവസ്ഥയില്‍ വീണ്ടും മുളച്ചുവരുന്നതിനാല് ഇവ ‘അദ്ഭുത സസ്യം’ എന്നാണറിയപ്പെടുന്നത്.
മീശപ്പുലിമലയിൽനിന്ന് കണ്ടെത്തിയ എരിയോകോളേസിയെ കുടുംബത്തില്‍പ്പെട്ട എരിയോകോളന്‍ വാമനെ ആണ് മൂന്നാമന്. കാഴ്ചയിലുള്ള വലിപ്പക്കുറവ് എരിയോകോളന്‍ വാമനെ എന്ന പേര് അന്വർഥമാക്കുന്നു. വേറിട്ടുനില്‍ക്കുന്ന ദളങ്ങളോടുകൂടിയ ആണ്പുഷ്പവും രോമങ്ങളോടുകൂടിയ പെണ്പുഷ്പവും സവിശേഷതകളാണ്. മൂന്ന് സസ്യങ്ങളുടെയും വിശദാംശങ്ങൾ സംരക്ഷണ പ്രാധാന്യമുള്ളയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വിവിധ ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.