മലപ്പുറത്തും പരിശോധന കർശനം; 235വാഹനങ്ങൾ പിടിച്ചെടുത്തു ജില്ലയിൽ 711 കേസുകൾ
text_fieldsമലപ്പുറം: സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ആളനക്കമില്ലാതെ നിരത്തുകളും കച്ചവട സ്ഥാപനങ്ങളും. പ്രധാന റോഡുകളിലെല്ലാം പൊലീസ് പരിശോധന ശക്തമാക്കിയതോടെ അത്യാവശ്യക്കാർ മാത്രമാണ് പുറത്തിറങ്ങിയത്. പാസുള്ളവരെയും അവശ്യ സർവിസുകളിൽ പ്രവർത്തിക്കുന്നവരെയും മാത്രമാണ് യാത്രക്ക് അനുവദിച്ചത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നെങ്കിലും ഉപഭോക്താക്കൾ വളരെ കുറവായിരുന്നു.
വിരലിലെണ്ണാവുന്നവർ മാത്രമാണ് സാധനങ്ങൾ വാങ്ങാനെത്തുന്നതെന്ന് കച്ചവടക്കാർ പറഞ്ഞു. ആളുകളെത്താതായതോടെ പഴം, പച്ചക്കറി കടക്കാരാണ് ദുരിതത്തിലായത്. സാധനങ്ങൾ കേടായി പോകുമെന്ന ഭീതിയിലാണ് വ്യാപാരികൾ. തെരുവുകച്ചവടം നടത്തി ജീവിതമാർഗം കണ്ടിരുന്നവരും കടുത്ത നിയന്ത്രണങ്ങളിൽ ദുരിതത്തിലായി.
ബാങ്കുകളും സർക്കാർ ഓഫിസുകളും അടച്ചിടുകയും പൊതുഗതാഗതം നിലക്കുകയും ചെയ്തതോടെ ഒറ്റപ്പെട്ട വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ഗ്രാമീണ റോഡുകൾ പലയിടത്തും അടച്ചിട്ട് ഗതാഗതം തടഞ്ഞു. കോഴിക്കോട്--പാലക്കാട് ദേശീയപാത അടക്കമുള്ള റോഡുകളിൽ ബാരിക്കേഡുകൾ വെച്ച് പൊലീസ് പരിശോധന നടന്നു. ആവശ്യമില്ലാതെ പുറത്തിറങ്ങിയവരെ തടഞ്ഞ് പലയിടങ്ങളിലും തിരിച്ചയച്ചു. മതിയായ കാരണങ്ങളില്ലാതെ എത്തിയവർക്കെതിരെ പിഴ ചുമത്തുകയും കേസെടുക്കുകയും ചെയ്തു.
ജില്ല ആസ്ഥാനമായ മലപ്പുറത്ത് സിവിൽ സ്റ്റേഷനിൽ ദുരന്ത നിവാരണ വിഭാഗവും ആരോഗ്യ വകുപ്പ് ഓഫിസും മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. പൊതുജനം വരാതായതോടെ തിരക്കേറിയ സിവിൽ സ്റ്റേഷൻ പരിസരം തീർത്തും വിജനമായി. ജില്ലയിലെ പ്രധാന നഗരങ്ങളിലും കവലകളിലുമൊക്കെ അത്യാവശ്യക്കാർ മാത്രമാണ് പുറത്തിറങ്ങിയത്.
പ്രധാന നഗരങ്ങളിൽ ഡിവൈ.എസ്.പിമാർ അടക്കം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. നിരത്തുകളിൽ പൊലീസ് സാന്നിധ്യത്തിന് പുറമെ സെക്ടറൽ മജിസ്ട്രേറ്റ്മാരുടെ നേതൃത്വത്തിലും പരിശോധന നടന്നു. ഇവരെ സഹായിക്കാൻ സന്നദ്ധപ്രവർത്തകരും പലയിടങ്ങളിലുമുണ്ടായിരുന്നു.
മലപ്പുറം: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജില്ലയിൽ പൊലീസ് 711 കേസുകൾ രജിസ്റ്റർ ചെയ്തു. മാസ്ക് ധരിക്കാത്തതിന് ശനിയഴ്ച 471 കേസുകൾ രജിസ്റ്റർ ചെയ്തു.
സാമൂഹിക അകലം പാലിക്കാത്തതിന് 106 കേസുകളും മറ്റു കോവിഡ് മാനദണ്ഡങ്ങൾ ലംഘനങ്ങൾക്ക് 111 കേസും പൊലീസ് രജിസ്റ്റർ ചെയ്തു. പരിശോധനയിൽ നിയന്ത്രണങ്ങൾ മാനിക്കാതെ പുറത്തിറങ്ങിയ 235 വാഹനങ്ങൾ പിടിച്ചു. ജില്ലയിൽ ശനിയാഴ്ച മാത്രം 3947 വാഹനങ്ങളാണ് പരിശോധിച്ചത്.
തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൂടുതൽ കേസുകൾ -62. കൊണ്ടോട്ടി, കോട്ടക്കൽ സ്റ്റേഷനുകളിൽ 54 കേസുകൾ വീതവും രജിസ്റ്റർ ചെയ്തു.
മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പുറത്തിറങ്ങിയ 330 പേരെ പൊലീസ് പിടികൂടി താക്കീത് ചെയ്ത് വിട്ടു. തുടർ ദിവസങ്ങളിലും കർശന പരിേശാധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.