നിരത്തില്‍ നിറഞ്ഞ് ടിപ്പറുകൾ: കാല്‍നടയാത്രക്കാരുടെ സുരക്ഷക്കായി നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
text_fieldsകൊണ്ടോട്ടി: മോട്ടോര്‍ വാഹന വകുപ്പിന്റെ ക്ഷമത പരിശോധനക്കെത്തുന്ന വാഹനങ്ങളും അമിത വേഗത്തിലോടുന്ന ടിപ്പര്‍ ലോറികളും ചിറയില്‍ ചുങ്കത്ത് കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷ ഭീഷണി സൃഷ്ടിക്കുന്നു.
വിദ്യാലയ പരിസരങ്ങളിലെ റോഡുകളില്‍ പോലും മേഖലയിലെ ക്വാറികളില്‍നിന്നുള്ള ടിപ്പര്‍ ലോറികള്‍ സമയക്രമവും വേഗത നിയന്ത്രണവും പാലിക്കാതെ നിരന്തരം ഓടിക്കൊണ്ടിരിക്കുന്നത് വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടയാത്രക്കാരെയാണ് പ്രയാസത്തിലാക്കുന്നത്. സ്കൂളുകള്‍ ആരംഭിക്കുന്ന സമയത്തും വിദ്യാലയങ്ങളില്‍നിന്ന് കുട്ടികള്‍ തിരികെ പോകുന്ന സമയത്തും ടിപ്പറുകളുള്പ്പെടെയുള്ള ലോറികള്‍ സര്‍വിസ് നടത്തരുതെന്ന ചട്ട പ്രദേശത്ത് പരസ്യമായി ലംഘിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന ക്ഷമത പരിശോധനക്കെത്തുന്ന വാഹനങ്ങളും ഡ്രൈവിങ് പരീക്ഷക്കെത്തുന്നവരുടെ വാഹനങ്ങളും നിരത്തുവക്കുകള്‍ കൈയടക്കുന്നതോടെ ചിറയില്‍ ചുങ്കത്ത് കാല്‍നടയാത്ര തീര്‍ത്തും ദുഷ്ക്കരമാണ്. ക്രോസ് റോഡ് അടച്ചതോടെ അതുവഴി പോകേണ്ടിയിരുന്ന വാഹനങ്ങളും ഇപ്പോള്‍ ചിറയിലൂടെയാണ് കടന്നു പോകുന്നത്.
വാഹന ബാഹുല്യം റോഡിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിലധികമായതോടെ കുട്ടികളെ പോലെ റോഡ് മുറിച്ചു കടക്കാനും റോഡരികിലൂടെ നടന്നു പോകാനും മുതിര്‍ന്ന പൗരന്മാര് നേരിടുന്ന പ്രയാസവും ചെറുതല്ല. വിദ്യാലയത്തിനു പുറമെ പ്രദേശത്തെ മദ്റസയിലെ വിദ്യാര്‍ഥികളും ആരോഗ്യ കേന്ദ്രത്തിലേക്കെത്തുന്ന രോഗികളടക്കമുള്ളവരും ഇതിന്റെ ഇരകളാണ്.
പ്രശ്നത്തില്‍ ബന്ധപ്പെട്ട അധികൃതരും ജന പ്രതിനിധികളും ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തുണ്ട്. ഇക്കാര്യത്തില്‍ അധികൃത അനാസ്ഥക്കെതിരെ ജനകീയ പ്രക്ഷോഭമാരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഇതിനു മുന്നോടിയായി വിവിധ സംഘടനകളുടെയും ചിറയില്‍ യു.പി സ്കൂള്‍ പി.ടി.എ കമ്മിറ്റിയുടേയും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സംയുക്താഭിമുഖ്യത്തില്‍ യോഗം ചേര്‍ന്നു. വിഷയം ബന്ധപ്പെട്ട അധികൃതരെ ധരിപ്പിക്കാന്‍ ധാരണയായി.
തുടര്‍ന്നും നടപടിയില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം. കൊണ്ടോട്ടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. ഫിറോസ് യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ കൊണ്‍സിലര്‍ കെ.പി. സല്മാന് ചെയര്‍മാനും പി. അലവി ഹാജി ജനറല്‍ കണ്‍വീനറും പി.ടി. റസാഖ് ഹാജി ട്രഷററുമായ ജാഗ്രത സമിതിക്കും യോഗം രൂപം നല്കി. സ്കൂള്‍ പി.ടി.എ ഭാരവാഹികളും മദ്റസ കമ്മിറ്റി പ്രതിനിധികളും വിവിധ ക്ലബുകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.