തിരൂർ സിറ്റി ജങ്ഷൻ റെയിൽവേ മേൽപ്പാലം നാടിന് സമർപ്പിച്ചു
text_fieldsതിരൂർ: ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള തിരൂർ മണ്ഡലത്തിന്റെ വികസനത്തിന് സംസ്ഥാന സർക്കാർ പ്രത്യേക പരിഗണനയാണ് നൽകിയിട്ടുള്ളതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തിരൂർ സിറ്റി ജങ്ഷൻ റെയിൽവേക്ക് മുകളിൽ നിലവിലെ മേൽപാലത്തിന് സമാന്തരമായി നിർമിച്ച മേൽപാലത്തിന്റെയും നവീകരിച്ച താനാളൂർ-പുത്തനത്താണി റോഡിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കക്ഷി രാഷ്ട്രീയത്തിന് അതീതമായ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരൂർ മണ്ഡലത്തിൽ മാത്രം 7.5 കോടി രൂപയാണ് റോഡുകൾ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കാനായി ചെലവഴിച്ചത്. പൊന്മുണ്ടം റെയിൽവേ മേൽപാലത്തിന് സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ പ്രഥമ പരിഗണന നൽകിയിട്ടുണ്ട്.
മാങ്ങാട്ടിരി പാലം നിർമാണവുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധനക്ക് 10 ലക്ഷം രൂപയും അനുവദിച്ചു. ഇതിന്റെ തുടർനടപടികൾ ഉടൻ ആരംഭിക്കും. സ്റ്റീൽ ഫൈബർ ഉപയോഗിച്ച് പുതിയ സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന തിരുനാവായ-തവനൂർ പാലവും മേഖലയുടെ വികസന നാഴികക്കല്ലായി മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സിറ്റി ജങ്ഷൻ ആർ.ഒ.ബി പരിസരത്ത് നടന്ന ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയായി.
തിരൂർ നഗരസഭ അധ്യക്ഷ എ.പി. നസീമ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ, തിരൂർ നഗരസഭ ഉപാധ്യക്ഷൻ പി. രാമൻകുട്ടി, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ നൗഷാദ് നെല്ലാഞ്ചേരി, പി. പുഷ്പ, മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.