തിരൂർ ജില്ല ആശുപത്രി; താൽക്കാലിക ജീവനക്കാരെ മാറ്റാനൊരുങ്ങി മാനേജ്മെന്റ് കമ്മിറ്റി
text_fieldsതിരൂർ: ജില്ല ആശുപത്രിയിലെ ശുചീകരണ-സെക്യൂരിറ്റി താൽക്കാലിക ജീവനക്കാരെ മാറ്റാനൊരുങ്ങി ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി. ആശുപത്രിയിലെത്തുന്ന രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറുന്നതുമൂലം നിരവധി പരാതികളാണ് ലഭിക്കുന്നത്. പരാതി രൂക്ഷമായതോടെ മുമ്പ് നടന്ന രണ്ട് എച്ച്.എം.സി യോഗത്തിലും ജീവനക്കാരെ മാറ്റണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞമാസം നടന്ന എച്ച്.എം.സി യോഗത്തിലും ജീവനക്കാരെ മാറ്റാത്തത് ചർച്ചയായി. ഇതേ തുടർന്നാണ് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങളും ഉൾകൊള്ളുന്ന എച്ച്.എം.സി യോഗത്തിൽ ഐക്യകണ്ഠേന ജോലിക്കാരെ മാറ്റാൻ തീരുമാനിച്ചത്.
തുടർന്ന് നിലമ്പൂരിലെയും പെരിന്തൽമണ്ണയിലെയും ജില്ല ആശുപത്രികളിലേത് പോലെ സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനായി ടെൻഡർ വഴി ഏജൻസികളെ കണ്ടെത്താൻ ആശുപത്രി സൂപ്രണ്ടിനെ യോഗം ചുമതലപ്പെടുത്തി. ഇതേ തുടർന്നാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കി കുറഞ്ഞനിരക്കിൽ ലഭിച്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ഏജൻസിക്ക് ചുമതല കൈമാറിയത്. 25 മുതൽ ജോലിക്ക് ഹാജരാകേണ്ടെന്ന് അധികൃതർ ജീവനക്കാരെ അറിയിക്കുകയും ചെയ്തിരുന്നു. ശുചീകരണത്തിന് 27 പേരും 10 സുരക്ഷ ജീവനക്കാരുമാണ് ഇവിടെയുള്ളത്. ജില്ല പഞ്ചായത്തും എച്ച്.എം.സിയും അഭിമുഖം നടത്തിയാണ് ഇവരെ നിയമിച്ചിരുന്നത്. ആറുമാസങ്ങളാണ് നിയമനകാലം. ഇതിനുശേഷം വീണ്ടും അഭിമുഖം നടത്തിയശേഷമാണ് നിയമനങ്ങൾ നടത്തേണ്ടത്.
എന്നാൽ ജില്ല ആശുപത്രിയിലെ ശുചീകരണ-സെക്യൂരിറ്റി ജീവനക്കാരെ നീക്കംചെയ്യാനുള്ള ജില്ല പഞ്ചായത്തിന്റെ നീക്കത്തിനെതിരെ ജീവനക്കാർ 25 മുതൽ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുമെന്ന് സമരസമിതി അറിയിച്ചു. ഏഴുവർഷം മുതൽ 20 വർഷം വരെ ജോലി ചെയ്ത 38ഓളം ജീവനക്കാരെയാണ് യാതൊരുവിധ മുൻകൂർ നോട്ടീസും ഇല്ലാതെ നീക്കം ചെയ്യുന്നതെന്നാണ് സമരസമിതിക്കാർ പറയുന്നത്. കഴിഞ്ഞമാസമാണ് ജീവനക്കാരെ ഒഴിവാക്കാൻ ജില്ല പഞ്ചായത്തും എച്ച്.എം.സിയും തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞദിവസമാണ് ആശുപത്രി അധികൃതർ 25 മുതൽ ജോലിക്ക് ഹാജരാകേണ്ടെന്ന് അറിയിച്ചുവെന്നാണ് ജീവനക്കാർ പറയുന്നത്. വിധവകളും ജീവിത-പ്രയാസമേറിയവരുമാണ് ജീവനക്കാരെന്നും എന്നിട്ടും യാതൊരു മനുഷ്യത്വവുമില്ലാതെയാണ് തങ്ങളെ പിരിച്ചുവിടുന്നതെന്നും ഇവർ പറയുന്നു.
ജീവനക്കാരെ പിരിച്ചുവിട്ട അധികൃതരുടെ നിലപാടിനെതിരെ കടുത്ത പ്രതിഷേധമുയർത്തുന്നുവെന്നും പിരിച്ചുവിട്ട നടപടി പിൻവലിക്കണമെന്നും സി.പി.എം തിരൂർ ഏരിയ കമ്മിറ്റി അംഗം പി.പി. ലക്ഷ്മണൻ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി ടി. ഷാജി എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ എച്ച്.എം.സി തീരുമാനം നടപ്പാക്കുകയാണ് ഉണ്ടായതെന്ന് ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൻ നസീബ അസീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.