തിരൂർ റെയിൽവേ സ്റ്റേഷൻ-കോടതി റോഡ് വീതി കൂട്ടൽ നടപടി ആരംഭിച്ചു
text_fieldsതിരൂർ: തിരൂർ റെയിൽവേ സ്റ്റേഷൻ-കോടതി റോഡ് വീതി കൂട്ടാൻ നടപടികൾ തുടങ്ങി. എം.എൽ.എ കുറുക്കോളി മൊയ്തീന്റെ ശ്രമഫലമായാണ് ഇതിനായുള്ള നടപടികൾ ആരംഭിച്ചത്.
തിരൂർ ബോട്ട്ജെട്ടി-റെയിൽവേ സ്റ്റേഷൻ-കോടതി റോഡ് വഴി സിറ്റി ജങ്ഷനിലേക്കും അവിടെനിന്ന് ജില്ല ആശുപത്രി തുഞ്ചൻപറമ്പ് വഴി മലയാള സർവകലാശാലയിലേക്കുമുള്ള റോഡ് വീതി കൂട്ടാനാണ് പദ്ധതി.
ഇതിനായി 18 കോടി രൂപയും സിറ്റി ജങ്ഷൻ അടിപ്പാതക്ക് പത്തുകോടി രൂപയും ചെലവു കണക്കാക്കിയുള്ള പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. ഇതിൽ ആദ്യഘട്ടമായാണ് തിരൂർ ബോട്ടുജെട്ടി മുതൽ റെയിൽവേ സ്റ്റേഷൻ, കോടതി റോഡ് വഴി സിറ്റി ജങ്ഷൻ അമ്പല കുളങ്ങര ക്ഷേത്രം വരെ റോഡ് 14 മീറ്ററായി വീതി കൂട്ടാനൊരുങ്ങുന്നത്.
ഇതിനായി അഞ്ചുകോടി രൂപ കഴിഞ്ഞ സംസ്ഥാന ബജറ്റിൽ വകയിരുത്തുകയും 20 ശതമാനം ടോക്കൺ മണി നീക്കിവെക്കുകയും ചെയ്തിട്ടുണ്ട്.
റോഡ് വികസനവുമായി ബന്ധപ്പെട്ട് കുറുക്കോളി മൊയ്തീൻ എം.എൽ.എ, പൊതുമരാമത്ത് എൻജിനീയർമാർ, സ്ഥലമുടമകൾ, നഗരസഭ അധികൃതർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ചുചേർത്തു. കെട്ടിട നിർമാണത്തിന് നഗരസഭ ഇളവുകൾ നൽകുമെന്ന ഉറപ്പിൽ റോഡ് വീതി കൂട്ടാൻ സ്ഥലമുടമകൾ സ്ഥലം വിട്ടുകൊടുക്കാൻ തീരുമാനിച്ചു. റെയിൽവേ അധികൃതരും റവന്യൂ അധികൃതരും സ്ഥലം വിട്ടുനൽകുന്ന കാര്യം ചർച്ച ചെയ്തും തീരുമാനിക്കും. ഒരു മാസത്തിനുള്ളിൽ സ്ഥലം അളന്ന് തിട്ടപ്പെടുത്തുമെന്ന് എം.എൽ.എ പറഞ്ഞു. യോഗത്തിൽ നഗരസഭ അധ്യക്ഷ എ.പി. നസീമ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.