തിരൂരിൽ 30 ആടുകൾ ചത്തു; ചെള്ളുപനിയെന്ന് സംശയം
text_fieldsതിരൂർ: പൂക്കയിൽ, തുമരക്കാവ്, ചെമ്പ്ര പ്രദേശങ്ങളിൽ മുപ്പതിലധികം ആടുകൾ രോഗം ബാധിച്ച് ചത്തു. വെറ്ററിനറി ഡോക്ടർമാരുടെ സംഘം ഞായറാഴ്ച സംഭവസ്ഥലം സന്ദർശിച്ചു. പ്രാഥമിക പരിശോധനയിൽ ചെള്ളുപനിയാവാം എന്ന നിഗമനത്തിലാണ് ഡോക്ടർമാർ. ഇക്കാര്യത്തിൽ രോഗത്തെക്കുറിച്ച് വ്യക്തത വരുത്താൻ തിങ്കളാഴ്ച രക്തം പരിശോധനക്ക് അയക്കുമെന്നും വെറ്ററിനറി ഡോക്ടർമാരായ സൂര്യ നാരായണനും ഉഷയും പറഞ്ഞു. അസുഖ ബാധിതരായ ആടുകളുടെ രക്തം സംഘം പരിശോധനക്കായി ശേഖരിച്ചു. ചത്ത ആടുകൾക്ക് വയറിളക്കവും തളർച്ചയുമാണ് രോഗലക്ഷണം. കൂടുതൽ ആടുകളിലേക്ക് രോഗം ബാധിച്ചതോടെ വലിയ ആശങ്കയിലാണ് നാട്ടുകാർ. വയറിളക്കവും തളർച്ചയും വിറയലും കണ്ടുതുടങ്ങിയ ആടുകൾ നാലോ അഞ്ചോ ദിവസത്തിനകം ചത്തുപോവുകയായിരുന്നു.
തുമരക്കാവ് സ്വദേശി കാട്ടിൽ പറമ്പിൽ മുസ്തഫയുടെ പത്ത് ആടുകൾ രോഗം ബാധിച്ച് ചത്തു. തള്ളശ്ശേരി ഫൈസൽ, തള്ളശ്ശേരി സൈതലവി, മടുക്കുന്നത്ത് കുഞ്ഞിപ്പ ഹാജി എന്നിവരുടെ ആടുകളാണ് ചത്തത്. ഫൈസലിന്റെ ആറ് ആടുകൾക്കാണ് ജീവൻ നഷ്ടമായത്. കൗൺസിലർ പ്രസന്ന പയ്യാപ്പന്തയുടെ വീട്ടിലെ ആടിനും രോഗം ബാധിച്ചിട്ടുണ്ട്. 25,000 മുതൽ ഒരു ലക്ഷം രൂപ വരെ വിലയുള്ള ആടുകൾ ചത്ത കൂട്ടത്തിലുണ്ട്. വിദഗ്ധ പരിശോധന നടത്തി ഫലപ്രദമായ ചികിത്സ ലഭ്യമാക്കണമെന്നാന്ന് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.