പാസഞ്ചർ ഓട്ടോകളിൽ ചരക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിനെതിരെ കർശന നടപടി
text_fieldsതിരൂർ: നഗരത്തിൽ പാസഞ്ചർ ഓട്ടോറിക്ഷകളിൽ ചരക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കമ്പോളത്തിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ഓട്ടോറിക്ഷകളിൽ പച്ചക്കറികളും മറ്റു പലചരക്ക് സാധനങ്ങളും അനധികൃതമായി കൊണ്ടുപോകുന്നതിനാൽ അവിടെയുള്ള ഗുഡ്സ് വാഹനങ്ങൾക്ക് ഓട്ടം ലഭിക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം എൻഫോഴ്സ്മെന്റ് പൊന്നാനി, തിരൂർ സ്ക്വാഡുകൾ സംയുക്തമായി പരിശോധന നടത്തിയത്.
വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ പാസഞ്ചർ ഓട്ടോയിൽ ചരക്ക് സാധനങ്ങൾ കൊണ്ടുപോയ 12 ഓളം ഓട്ടോറിക്ഷകൾക്കെതിരെ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. കൂടാതെ, സ്വകാര്യ വാഹനത്തിൽ ചരക്ക് സാധനങ്ങൾ കൊണ്ടുപോയ മൂന്നു വാഹന ഉടമകൾക്കെതിരെയും ഫിറ്റ്നസ് ഇല്ലാത്തതും റോഡ് നികുതി അടക്കാത്തതുമായ ആറ് ചരക്കു വാഹന ഉടമകൾക്കെതിരെയും കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.
തുടർന്ന് തിരൂർ ബസ് സ്റ്റാൻഡിൽ നടത്തിയ വാഹന പരിശോധനയിൽ തിരൂർ, ചെമ്മാട് റൂട്ടിൽ പെർമിറ്റില്ലാതെ സർവിസ് നടത്തിയ സ്വകാര്യ ബസിനെതിരെ കേസെടുക്കുകയും സർവിസ് നിർത്തുകയും ചെയ്തു. ഇത്തരത്തിൽ 30 ഓളം വാഹനങ്ങൾക്കെതിരെ കേസെടുക്കുകയും 52,500 രൂപ പിഴയടക്കാൻ നോട്ടീസ് നൽകുകയും ചെയ്തു.
മലപ്പുറം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ. നസീറിന്റെ നിർദേശപ്രകാരം മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ജയചന്ദ്രൻ, അയ്യപ്പദാസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ എം. സലീഷ്, വി. രാജേഷ്, പി. അജീഷ് എന്നിവർ പങ്കെടുത്തു. തുടർന്നും ഇത്തരം നിയമവിരുദ്ധ സർവിസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ. നസീർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.