തിരൂർ-പൊന്മുണ്ടം ബൈപാസ്ആ; ർ.ഒ.ബി അപ്രോച്ച് റോഡ് നിർമാണത്തിന് ഭരണാനുമതി
text_fieldsതിരൂർ: തിരൂർ-പൊന്മുണ്ടം ബൈപാസ് ആർ.ഒ.ബി അപ്രോച്ച് റോഡ് നിർമാണത്തിന് 33 കോടി രൂപയുടെ ഭരണാനുമതി. കേന്ദ്ര സർക്കാറിന്റെ സേതു ബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്.
എട്ട് വർഷത്തെ നിരന്തര മുറവിളിക്ക് പിന്നാലെയാണ് പദ്ധതിക്ക് പുതുജീവൻ ലഭിക്കുന്നത്. സെൻട്രൽ റോഡ് ഫണ്ടിൽ നിന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഫണ്ട് അനുവദിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കും.
അപ്രോച്ച് റോഡ് നിർമിക്കാത്തതിനാൽ വർഷങ്ങളായി പൊന്മുണ്ടം ബൈപ്പാസ് പാലം പ്രാവർത്തികമാകാതെ കിടക്കുകയായിരുന്നു. പിന്നീട് ഭരണാനുമതി നൽകാൻ തീരുമാനമായെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ ഉത്തരവ് ഇറക്കാൻ കാലതാമസം നേരിടുകയും ചെയ്തു. 2013ൽ ഏഴ് കോടിയോളം ചെലവഴിച്ച് നിർമാണം തുടങ്ങിയ തിരൂർ പൊലീസ് ലൈൻ-പൊന്മുണ്ടം ബൈപ്പാസിലെ ആർ.ഒ.ബി 2015 ഓടെ പൂർത്തീകരിച്ചിരുന്നു. എന്നാൽ, സർക്കാർ ഫണ്ടിന്റെ ലഭ്യതക്കുറവ് മൂലം അപ്രോച്ച് റോഡ് നിർമാണവും പദ്ധതിയും പിന്നീട് നിശ്ചലമാവുകയായിരുന്നു. പദ്ധതി യഥാർഥ്യമാകുന്നതോടെ ചമ്രവട്ടം ഭാഗത്ത് നിന്ന് പുത്തനത്താണി റോഡിലേക്ക് തിരൂർ ടൗണിൽ പ്രവേശിക്കാതെ തന്നെ എത്താൻ കഴിയും.
പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് തവണ നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും അഞ്ചിലധികം തവണ വകുപ്പുതല യോഗങ്ങൾ ചേരുകയും പൊതുമരാമത്ത് മന്ത്രിയുമായി പല തവണ വിഷയം ചർച്ച നടത്തുകയും ചെയ്തിരുന്നതായി കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു. പദ്ധതിക്ക് അനുമതി നൽകിയ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ഇതിനായി പ്രയത്നിച്ച കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വിഷയത്തിൽ ഡൽഹിയിൽ ഇടപെടൽ നടത്തിയ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ നന്ദി അറിയിക്കുന്നതായും കുറുക്കോളി മൊയ്തീൻ എം.എൽ.എ വ്യക്തമാക്കി. നേരത്തെ, താഴെപാലം പുതിയ പാലം, സിറ്റി ജങ്ഷൻ ആർ.ഒ.ബി എന്നിവ യാതാർഥ്യമാക്കി തുറന്ന് കൊടുത്തിരുന്നു. പൊന്മുണ്ടം ബൈപ്പാസ് പദ്ധതിയും യാഥാർഥ്യമാകുന്നതോടെ തിരൂരിലെ ഗതാഗതക്കുരുക്കിന് ഏറക്കുറെ പരിഹാരമാകും. കൂടാതെ, തിരൂർ പൊലീസ് ലൈനിൽ നിന്ന് ദേശീയപാതയിലെ പുത്തനത്താണിയിലേക്ക് നാല് കിലോ മീറ്റർ ദൂരം കുറയുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.