ഉദ്യോഗസ്ഥരുടെ അനാസ്ഥ: ചെമ്പ്ര മൃഗസംരക്ഷണ വകുപ്പ് ഉപകേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു
text_fieldsതിരൂർ: ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടർന്ന് തിരൂർ ചെമ്പ്രയിലെ മൃഗസംരക്ഷണ വകുപ്പ് സബ് സെൻററിെൻറ പ്രവർത്തനം അവസാനിപ്പിക്കുന്നു. തിരൂർ നഗരസഭ പരിധിയിലെ ചെമ്പ്രയിൽ മികച്ചനിലയിൽ പ്രവർത്തിച്ചുവന്നിരുന്ന മൃഗസംരക്ഷണ വകുപ്പ് ഉപകേന്ദ്രമാണ് അധികൃതരുടെ അനാസ്ഥമൂലം പ്രവർത്തനം നിലച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥരുടെ ഇടക്കിടെയുള്ള സ്ഥലംമാറ്റമാണ് മൃഗസംരക്ഷണ വകുപ്പ് കേന്ദ്രത്തിെൻറ പ്രവർത്തനത്തിെൻറ താളംതെറ്റിച്ചത്. പിന്നീട് വന്ന തെക്കൻ ജില്ലക്കാർ സബ് സെൻററിൽ എത്താതാവുകയും തുറക്കാതിരിക്കുകയും ചെയ്തതോടെ ഈ പ്രദേശത്തെ മൃഗസംരക്ഷണ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഒപ്പിടാൻ മാത്രമാണ് ഉദ്യോഗസ്ഥർ സെൻററിലെത്തിയിരുന്നതെന്ന് കർഷകർ ആരോപിക്കുന്നു. ചെമ്പ്ര മുഹമ്മദ് മൂപ്പൻ കൗൺസിലറായിരുന്ന കാലഘട്ടത്തിലാണ് മൃഗസംരക്ഷണ വകുപ്പ് സബ് സെൻറർ ചെമ്പ്രയിൽ ആരംഭിച്ചത്.
സ്ഥിരമായി കെട്ടിടമില്ലാതെ പഴയ കെട്ടിടത്തിലായി പ്രവർത്തിച്ചിരുന്ന മൃഗസംരക്ഷണ ഉപകേന്ദ്രമാണ് പിന്നീട് സൗകര്യപ്രദമായി ചെമ്പ്ര സ്കൂളിന് സമീപത്തേക്ക് മാറ്റിയത്. വർഷങ്ങളായി നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന ഉപകേന്ദ്രം തിരൂർ നഗരസഭയിലെ 7, 8, 9, 10, 11 വാർഡുകളിലെ കർഷകർക്ക് ഏറെ പ്രയോജനകരമായ നിലയിൽ പ്രവർത്തിച്ചുവരുകയായിരുന്നു.
എന്നാൽ, പിന്നീട് വന്ന ഉദ്യോഗസ്ഥരുടെ ഇടക്കിടെയുള്ള സ്ഥലമാറ്റം ഉപകേന്ദ്രത്തിെൻറ പ്രവർത്തനം താളംതെറ്റിക്കുകയായിരുന്നു. ഇതോടെ പശുക്കൾക്കും മറ്റും അസുഖം വരുമ്പോഴുള്ള കുത്തിവെപ്പിനും സഹായങ്ങൾക്കും ഉദ്യോഗസ്ഥരെ കിട്ടാതെ വന്നതോടെ കർഷകർ വലഞ്ഞു. ഇതേ തുടർന്ന് മിക്ക കർഷകരും ഈ മേഖലയിൽനിന്ന് പിൻവാങ്ങുന്ന അവസ്ഥയായി.
അല്ലാത്തവർ പുതിയങ്ങാടി, പകര പോലുള്ള കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയായി. ഡ്യൂട്ടിക്കെത്താതെ ഈ പ്രദേശത്ത് കർഷകരില്ലെന്നും കുത്തിവെപ്പുകൾ ഒന്നും നടക്കുന്നില്ലെന്നും കാണിച്ച് സെൻററിെൻറ പ്രവർത്തനം പൂർണമായി നിലക്കുന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥരെന്ന് പ്രദേശത്തെ കർഷകർ പറയുന്നു. തിരൂർ നഗരസഭയിൽതന്നെ കാർഷികമേഖലക്ക് ഊന്നൽനൽകുന്ന പ്രദേശംകൂടിയാണ് ചെമ്പ്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.