ഒ.എൽ.എക്സ് വഴി 70,000 രൂപ തട്ടിയതായി പരാതി
text_fieldsതിരൂർ: സി.ഐ.എസ്.എഫ് ജീവനക്കാരെൻറ വ്യാജ ഐഡിയുണ്ടാക്കി ഓൺലൈൻ വാഹന വിൽപന വെബ്സൈറ്റായ ഒ.എൽ.എക്സ് വഴി 70,000 രൂപ തട്ടിയെടുത്തതായി പരാതി. ബബ്ലു കുമാർ എന്ന് പരിചയപ്പെടുത്തിയയാൾ ജൂൺ 16ന് തിരൂർ സ്വദേശിയായ യുവാവിൽനിന്നാണ് പണം തട്ടിയത്. ഒ.എൽ.എക്സിൽ ഹോണ്ട ആക്ടിവ സ്കൂട്ടർ വിൽപനക്ക് വെച്ചാണ് തട്ടിപ്പ്.
ഇതിൽ നൽകിയ നമ്പറിൽ വിളിച്ച യുവാവിനോട് ഹിന്ദിയിൽ സംസാരിച്ചയാൾ കൊച്ചി എയർപോർട്ടിൽനിന്ന് സ്ഥലംമാറി പോവുകയാണെന്നും അതിനാലാണ് സ്കൂട്ടർ വിൽക്കുന്നതെന്നും അറിയിച്ചു. വാഹനത്തിെൻറ ചിത്രങ്ങളും തിരിച്ചറിയൽ രേഖയാണെന്ന് പറഞ്ഞ് ആധാർ കാർഡും സി.ഐ.എസ്.എഫ് ഐഡി കാർഡും വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്തു.
പിന്നീട് 3000 രൂപ ആദ്യം ഡെലിവറി ചാർജായി അയക്കാൻ ആവശ്യപ്പെട്ടു. സ്കൂട്ടർ പൊന്നാനിയിലെത്തിയിട്ടുണ്ടെന്നും ഇന്ത്യൻ ആർമിയുടെ ഡെലിവറി ചാർജാണെന്നും പറഞ്ഞ് ബാക്കി പണം ആവശ്യപ്പെടുകയും അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ, പറഞ്ഞ സമയം കഴിഞ്ഞിട്ടും വാഹനം ലഭിച്ചില്ലെന്നും ഫോൺ വിളിച്ചപ്പോൾ എടുക്കുന്നില്ലെന്നും യുവാവ് പറഞ്ഞു.
ഇതേ പേരിൽ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും പണം തട്ടാൻ ശ്രമം നടത്തുന്നുണ്ട്. പണം നഷ്ടമായ സംഭവത്തിൽ സൈബർ സെല്ലിനെ വിവരമറിയിച്ച യുവാവ് തിരൂർ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.