ബി.എൽ.ഒമാരെ ബൂത്തിൽനിന്ന് പൊലീസുകാർ ഇറക്കിവിട്ടതായി പരാതി
text_fieldsതിരൂർ: ജില്ല കലക്ടറുടെ ഉത്തരവുണ്ടായിട്ടും പോളിങ് സ്റ്റേഷനുകളിൽനിന്ന് ബി.എൽ.ഒമാരെ പൊലീസ് ഉദ്യോഗസ്ഥർ ഇറക്കിവിട്ടതായി പരാതി. ലോക്സഭ തെരഞ്ഞെടുപ്പിന് പോളിങ് സ്റ്റേഷനുകളിൽ തയാറാക്കിയ വോട്ടർ അസിസ്റ്റന്റ് ബൂത്തുകളിൽ ബി.എൽ.ഒമാരുടെ (ബൂത്ത് ലെവൽ ഓഫിസർമാർ) സേവനം നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണെന്ന കലക്ടറുടെ ഉത്തരവിന് പുല്ലുവില കൽപ്പിച്ചാണ് പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിയെന്നാണ് പരാതി. ജില്ലയിലെ പോളിങ് സ്റ്റേഷനുകളിലെ സ്ഥിതി നിയന്ത്രിക്കാൻ സന്ദർശനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടറുടെ ഉത്തരവുണ്ടായിട്ടും ബി.എൽ.ഒമാരെ വോട്ടേഴ്സ് ഹെൽപ് ഡെസ്കിൽനിന്ന് നാട്ടുകാരായ വോട്ടർമാരുടെ മുന്നിൽ വച്ച് ശകാരിച്ച് ഇറക്കി വിട്ടത്.
ബി.എൽ.ഒമാരുടെ സേവനം എല്ലാ താലൂക്ക് ഇലക്ടറൽ ഓഫിസർമാരും ഉറപ്പ് വരുത്തേണ്ടതാണെന്ന് ഉത്തരവിലുണ്ട്. തിരൂർ താലൂക്കിലെ 42, 43 ബൂത്തുകളിലെയും ഏറനാട് താലൂക്കിലെ 121, 122 തുടങ്ങിയ ബൂത്തുകളിലെയും ബി.എൽ.ഒമാരെയാണ് ഇറക്കി വിട്ടത്. തെരഞ്ഞെടുപ്പ് കമീഷൻ അനുമതി പ്രകാരം വോട്ടർമാർക്കും പോളിങ് ഉദ്യോഗസ്ഥർക്കും മാത്രമേ ബൂത്തിന്റെ കോമ്പൗണ്ടിൽ നിൽക്കാൻ അനുമതിയുള്ളൂ എന്നായിരുന്നു പൊലീസ് വാദം. ബി.എൽ.ഒമാർ തെരഞ്ഞെടുപ്പ് കമീഷന്റെ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞിട്ടും പൊലീസുകൾ വഴങ്ങിയില്ലെന്നാണ് പറയുന്നത്. ആനക്കയത്തെ 121, 122 ബൂത്തുകളിൽ മൂന്ന് തവണ സന്ദർശനത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരും ബി.എൽ.ഒമാരോട് പുറത്തിറങ്ങാൻ പറഞ്ഞു. രണ്ട് തവണ വന്ന പൊലീസ് സംഘത്തോടും പുറത്തുപോകണമെന്നത് ബി.എൽ.ഒമാർ എഴുതി നൽകാൻ ആവശ്യപ്പെട്ടപ്പോൾ പിന്മാറുകയാണുണ്ടായത്. ജില്ലയിലെ ചില താലൂക്കിലെ ബൂത്ത് ലെവൽ ഓഫിസർമാർക്ക് തിരിച്ചറിയൽ കാർഡ് പോലും താലൂക്ക് ഓഫിസിലെ ഉദ്യോഗസ്ഥർ നൽകിയിരുന്നില്ല.
കൂടാതെ, മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം ബൂത്തിന്റെ പരിസരത്ത് പതിക്കാൻ ബി.എൽ.ഒ എന്ന സ്റ്റിക്കർ പോളിങ് സാമഗ്രികളോടൊപ്പം നൽകാറുണ്ടെങ്കിലും ഇത്തവണ അതും നൽകിയിരുന്നില്ല. ഉദ്യോഗസ്ഥരുടെ ഇത്തരം നടപടികൾക്കെതിരെ കലക്ടറേറ്റിൽ പരാതി നൽകിയതായി തിരൂർ താലൂക്കിലെ ഇറക്കിവിട്ട 42, 43 ബൂത്തുകളിലെ ബി.എൽ.ഒമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.