ചമ്രവട്ടം പദ്ധതിയിൽ ചോർച്ചയടക്കാൻ അടിച്ചിറക്കിയ ഷീറ്റുകൾക്ക് പൊട്ടൽ
text_fieldsതിരൂർ: ചമ്രവട്ടം പദ്ധതിയുടെ ചോർച്ചയടക്കാൻ അടിച്ചിറക്കിയ ഷീറ്റുകൾക്ക് പൊട്ടൽ. പുഴയുടെ അടിത്തട്ടിൽ 11.5 മീറ്റർ ആഴത്തിൽ ഇരുമ്പ് ഷീറ്റുകൾ അടിച്ചിറക്കിയാണു ചോർച്ച തടയാൻ ശ്രമിക്കുന്നത്. നിലവിൽ ആറ് ഷീറ്റുകളാണ് ഇറക്കിയിട്ടുള്ളത്. എന്നാൽ ഇതിൽ രണ്ടെണ്ണത്തിന്റെ മുകൾഭാഗം അടിച്ചിറക്കുമ്പോഴുണ്ടായ ശക്തമായ സമ്മർദം കാരണം പൊട്ടുകയായിരുന്നു. ഇതോടെ പണി നടത്തുന്നത് അശാസ്ത്രീയമായ രീതിയിലെന്ന് ആരോപിച്ച് നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. തുടർന്ന് പണി താൽക്കാലികമായി നിർത്തിവച്ചു.
വൈബ്രേറ്റിങ് യന്ത്രം ഉപയോഗിച്ച് പതുക്കെ ഇറക്കേണ്ടതിനു പകരം വലിയ യന്ത്രം ഉപയോഗിച്ച് ശക്തമായി അടിച്ചിറക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. ഇതാണ് ഇവയുടെ മുകൾ ഭാഗം പൊട്ടാൻ കാരണം. മണ്ണിനടിയിൽ ഷീറ്റുകൾക്ക് വളവുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ ചോർച്ചയടക്കൽ വിജയിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു.
അതേ സമയം ആറ് ഷീറ്റുകൾ അടിച്ചിറക്കിയത് പരീക്ഷണാടിസ്ഥാനത്തിലായിരുന്നുവെന്നാണ് ചമ്രവട്ടം പദ്ധതിയുമായി ബന്ധപ്പെട്ട് അധികൃതർ നൽകുന്ന വിശദീകരണം. ഇവിടെ മണ്ണിന് നല്ല ഉറപ്പുണ്ടായിരുന്നു. ഇതിനാലാണ് അടിച്ചിറക്കാൻ ശ്രമിച്ചത്. ഇത് വിജയിക്കില്ലെന്നു കണ്ട് താൽക്കാലികമായി പണി നിർത്തിവച്ചതായും അധികൃതർ പറഞ്ഞു.
തൂത്തുക്കുടിയിൽനിന്ന് പ്രത്യേക വൈബ്രേറ്റിങ് യന്ത്രം എത്തിച്ച് ഇനിയുള്ള പണി അതുപയോഗിച്ച് നടത്താനാണ് അധികൃതരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.