കാലാവസ്ഥയറിഞ്ഞ് കൃഷിയിറക്കാം; തീം ഏരിയയുമായി കര്‍ഷക ക്ഷേമ വകുപ്പ്
text_fieldsതിരൂർ: കാലാവസ്ഥാനുസൃത കൃഷി രീതികളെ പരിചയപ്പെടുത്തി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെ തീം ഏരിയ. തിരൂരില്‍ നടക്കുന്ന 'എന്‍റെ കേരളം' പ്രദര്‍ശന വിപണന മേളയിലാണ് സമ്മിശ്ര കൃഷി രീതികള്‍ പരിചയപ്പെടുത്തുന്ന തീം ഏരിയ ഒരുക്കിയിട്ടുള്ളത്. കാര്‍ഷിക വിളകള്‍ക്കൊപ്പം മൃഗപരിപാലനം, മത്സ്യ കൃഷി, തേനീച്ച വളര്‍ത്തല്‍, മഴവെള്ള സംഭരണി തുടങ്ങിയവ ഉൾക്കൊള്ളുന്ന ഒരു ജൈവഗൃഹ മാതൃകയാണ് മേളയില്‍ കാഴ്ച വിരുന്നൊരുക്കുന്നത്.
മട്ടുപ്പാവിലെ കൃഷി, അടുക്കളത്തോട്ടം, തീറ്റപ്പുല്‍കൃഷി, വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് തടയാനായുള്ള സൗരവേലികള്‍, അക്വാഫോണിക്സ് കൃഷിരീതികള്‍, ആധുനിക കോഴിക്കൂട്, കുന്നിന്‍ചരിവുകളിലെ ബഹുനില കൃഷിരീതി, കീടങ്ങളെ തുരത്താനായുള്ള സൗരവിളക്ക് കെണി, മഞ്ഞക്കെണി, ദീനബന്ധു മാതൃകയിലുള്ള ബയോഗ്യാസ് പ്ലാന്‍റ് തുടങ്ങിയവ യഥാർഥ രൂപത്തില്‍ നേരിട്ട് കണ്ട് മനസ്സിലാക്കാവുന്ന വിധത്തിലാണ് തീം ഏരിയ ഒരുക്കിയിട്ടുള്ളത്. ചെടികള്‍ക്കുള്ള ആധുനിക കാലത്തെ പ്ലാസ്റ്റിക് പുതയിടലിനൊപ്പം വൈക്കോല്‍ ഉപയോഗിച്ചുള്ള പ്രകൃതിദത്ത പുതയിടലും തീം ഏരിയയില്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടാം.
മിത്ര പ്രാണികളെ ആകര്‍ഷിക്കുന്നതിനും ശത്രുകീടങ്ങളെ അകറ്റുന്നതിനും പാടവരമ്പുകളിലെ ചെണ്ടുമല്ലി കൃഷി ചെയ്യുന്ന രീതിയും തീം ഏരിയയില്‍ ഒരുക്കിയിട്ടുണ്ട്. കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായ എസ്. ബീന, പ്രകാശ് പുത്തന്‍മഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീം ഏരിയ ഒരുക്കിയിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.