ഡിജി സർവേ: ജില്ലയിൽ പൂർത്തിയായത് 70,000 വീടുകളിൽ മാത്രം
text_fieldsതിരൂർ: ഡിജിറ്റൽ സാക്ഷരത എല്ലാവർക്കും എത്തിച്ച് നൽകി കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നടത്തുന്ന ഡി.ജി സർവേ ജില്ലയിൽ മന്ദഗതിയിൽ. 11 ലക്ഷം ഗാർഹിക ഉപഭോക്താക്കളുള്ള ജില്ലയിൽ 70,000 വീടുകളിൽ മാത്രമാണ് സർവേ പൂർത്തിയായത്.
ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് മറ്റു ജില്ലകളിൽ സർവേ നടപടികൾ ആരംഭിച്ചെങ്കിലും ജില്ലയിൽ ജൂലൈയിലണ് നടപടികൾ ആരംഭിച്ചത്. സംസ്ഥാനത്ത് 13ാമതാണ് ജില്ലയുടെ സ്ഥാനം. തൃശൂരാണ് എറ്റവും പിന്നിൽ. തവനൂർ, എടപ്പാൾ പഞ്ചായത്തുകളിൽ സർവേ നൂറുശതമാനം പൂർത്തിയായി.
മൂന്നാംസ്ഥാനത്ത് പുറത്തൂർ പഞ്ചായത്താണ്. വേങ്ങര പഞ്ചായത്താണ് ഏറ്റവും പിറകിൽ. സോഷ്യൽ മീഡിയയുടെ ഉപയോഗത്തെ സംബന്ധിച്ചുള്ള 15 ചോദ്യങ്ങളാണ് സർവേയിലുള്ളത്. കുടുംബശ്രീ, സാക്ഷരത മിഷൻ, ആർ.ജി.എസ്.എ, എൻ.എസ്.എസ്, എസ്.പി.സി, സന്നദ്ധ സംഘടനകൾ എന്നിവയുടെ വളന്റിയർമാർ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. 14-65 വയസ്സിന് മുകളിലുള്ള എല്ലാവരെയും സർവേ ചെയ്യേണ്ടതുണ്ട്.
ഡിജി കേരളം ആപ് വഴിയാണ് സർവേ നടത്തേണ്ടത്. സർവേ പൂർത്തിയായാലേ എത്രപേർക്ക് പരിശീലനം നൽകേണ്ടതുണ്ടെന്ന് കണ്ടെത്താനാകൂ. എഴുപതിനായിരം വീടുകളിൽ നടത്തിയ സർവേ അനുസരിച്ച് ഇരുപതിനായിരം പേർക്ക് പരിശീലനം നൽകണം.
സ്മാർട്ട് ഫോൺ ഓൺ ആക്കാനും ഓഫാക്കാനും അറിയുക, സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ പ്രാപ്തമാക്കുക, ഇന്റർനെറ്റിൽ വിവരങ്ങൾ തിരയുക, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും പഞ്ചായത്തുകളുടെയും വിവിധ ഓൺലൈൻ സേവനങ്ങൾ, ഗ്യാസ് ബുക്കിങ്, വീഡിയോ കോൺഫറൻസ് ആപ്ലിക്കഷേൻ, വൈദ്യുതി, വാട്ടർ ബില്ലുകൾ ഓൺലൈനായി അടക്കൽ തുടങ്ങിയ പരിശീലനമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പരിശീലനവും മൂല്യനിർണയവും മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് നിർവഹിക്കുന്നത്. ഒക്ടോബർ 20ഓടെ മൂല്യനിർണയം പൂർത്തിയാക്കി കേരളപ്പിറവി ദിനത്തിൽ കേരളത്തെ ഇന്ത്യയിലെ പ്രഖ്യാപിച്ച സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. വളന്റിയർമാരുടെ ഭക്ഷണ, യാത്ര, പ്രിന്റിങ് ചെലവുകൾ സാക്ഷരത പ്രവർത്തന അക്കൗണ്ടിൽനിന്നും പഞ്ചായത്തുകൾ തന്നെ വഹിക്കണം.
അതിൽ തുകയില്ലെങ്കിൽ തനത് ഫണ്ടിൽനിന്ന് ചെലവഴിക്കാം. പഞ്ചായത്തുകൾക്ക് ഒരു ലക്ഷം വീതവും മുനിസിപ്പിലാറ്റികൾക്ക് മൂന്ന് ലക്ഷം വീതവുമാണ് അനുമതി നൽകിയിട്ടുള്ളത്. ജില്ലയിലെ ഡി.ജി സർവേ നടപടികൾ വിലയിരുത്തുന്നതിനായി 12ന് എൽ.എസ്.ജി.ഡി ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്.
പഞ്ചായത്ത് സെക്രട്ടറിമാർ, പഞ്ചായത്തുകളിലെ നോഡൽ ഓഫിസർമാർ എന്നിവർ സംബന്ധിക്കും. പരിശീലനത്തിന് നേതൃത്വം നൽകേണ്ട മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം അടുത്ത ആഴ്ചയിൽ തന്നെ നടക്കുമെന്ന് ഡി.ജി സർവേ ജില്ല നോഡൽ ഓഫിസർ ബൈജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.