തിരൂർ ബസ് സ്റ്റാൻഡ് പരിസരത്തെ ലഹരി ഉപയോഗം: പരിശോധന കർശനമാക്കും
text_fieldsതിരൂർ: ബസ് സ്റ്റാൻഡ് പരിസരത്തെ ലഹരി ഉപയോഗം തടയാൻ എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കാനും ജാഗ്രത സമിതി രൂപവത്കരിക്കാനും തിരൂർ താലൂക്ക് വികസന സമിതി യോഗം നിർദേശം നൽകി. ബസ് സ്റ്റാൻഡ് പരിസരം കേന്ദ്രീകരിച്ച് വർധിച്ച് വരുന്ന ലഹരി ഉപയോഗവും അതിനെ തുടർന്നുണ്ടാവുന്ന അക്രമങ്ങളും തടയുന്നതിന്റെ ഭാഗമായാണ് നടപടി. തലക്കടത്തൂർ പാലത്തിന് താഴെ പുഴയിൽ കോൺക്രീറ്റ് അവശിഷ്ടങ്ങൾ അടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതിനെതിരെ നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പിന് (പാലങ്ങൾ) നിർദേശം നൽകി.
തിരൂർ ബസ് സ്റ്റാൻഡിൽനിന്ന് രാത്രി 7.30ന് ശേഷം ബസ് സർവിസ് ഇല്ലാത്തത് സംബന്ധിച്ച് നടപടി സ്വീകരിക്കും. തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികൾ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മതിയായ രേഖകൾ ഉണ്ടോ എന്നത് സംബന്ധിച്ച് പരിശോധന കർശനമാക്കാൻ ജോയന്റ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർക്ക് നിർദേശം നൽകി. തിരൂർ ജില്ല ആശുപത്രിയുടെ മുന്നിലൂടെയുള്ള മുനിസിപ്പൽ റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിയും നഗരസഭയും തമ്മിലെ പ്രശ്നം പരിഹരിക്കാൻ എം.എൽ.എ, ആശുപത്രി സൂപ്രണ്ട്, മുനിസിപ്പൽ സെക്രട്ടറി, ചെയർപേഴ്സൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, താലൂക്ക് വികസന സമിതി അംഗങ്ങൾ എന്നിവരുടെ യോഗം വിളിക്കാൻ തീരുമാനിച്ചു. താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തിരൂർ തഹസിൽദാർ ഷീജയുടെ സാന്നിധ്യത്തിൽ എം. സൈതലവി അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.