കേരളത്തിൽ ഫുട്ബാൾ അക്കാദമി ആരംഭിക്കാനൊരുങ്ങി ഡച്ച് ക്ലബ്
text_fieldsതിരൂർ (മലപ്പുറം): കേരളത്തിൽ ഫുട്ബാൾ അക്കാദമി ആരംഭിക്കാനൊരുങ്ങി ഡച്ച് ക്ലബ് ആർ.കെ.എ.വി.വി. നെതർലാൻഡിലെ 100 വർഷം പഴക്കമുള്ള പ്രമുഖ ക്ലബാണ് ആർ.കെ.എ.വി.വി. യൂറോപ്യൻ ഫുട്ബാൾ ശൈലി മലയാളികളെ പരിശീലിപ്പിക്കാനാണ് ക്ലബ് രംഗത്തെത്തിയിരിക്കുന്നത്. കൊച്ചിയിലാണ് ആദ്യ അക്കാദമിക്ക് തുടക്കം കുറിക്കുക.
ആർ.കെ.എ.വി.വി ക്ലബ് ചെയർമാൻ കൂടിയായ ഫുട്ബാളർ അലക്സ് വിജ്നൻ തിരൂരിൽ കായിക മന്ത്രി വി. അബ്ദുറഹ്മാനുമായി പ്രാരംഭ ചർച്ച നടത്തി. കേരളത്തിലെ ഫുട്ബാൾ ആവേശവും ഫുട്ബാളിനോടുള്ള മലയാളികളുടെ താൽപര്യവും മനസ്സിലാക്കിയാണ് വിദേശ ക്ലബുകൾ ഫുട്ബാൾ പരിശീലന പദ്ധതിയുമായി കേരളത്തിൽ നിക്ഷേപം നടത്തുന്നത്.
അഞ്ചുവയസ്സ് മുതലുള്ള കുട്ടികളെ പരിശീലിപ്പിക്കുകയും ഡച്ച് ഫുട്ബാൾ ശൈലിയിൽ കോച്ചുമാർക്ക് പരിശീലനം നൽകുകയുമാണ് അക്കാദമിയുടെ ലക്ഷ്യം. ഇതിനായി കേരളത്തിലും നെതർലാൻഡിലുമായി പരിശീലനങ്ങൾ നടത്തും. കേരളത്തിലെ ഫുട്ബാൾ മേഖലക്ക് വലിയ ഭാവിയുണ്ടെന്നും അതിനാലാണ് അക്കാദമി തുടങ്ങാൻ താൽപര്യമെടുത്തതെന്നും അലക്സ് വിജ്നൻ പറഞ്ഞു.
ഡച്ച് ഫുട്ബാൾ അക്കാദമിയുമായി ബന്ധപ്പെട്ട പദ്ധതിയുടെ പ്രാരംഭ രൂപരേഖയുമായാണ് മന്ത്രി വി. അബ്ദുറഹ്മാനുമായി ചർച്ച നടത്തിയത്. ചർച്ചയിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.പി. അനിൽ, കേരള സ്പോർട്സ് ഫൗണ്ടേഷൻ ഡയറക്ടർ ആഷിക്ക് കൈനിക്കര, ആനന്ദ്, ജേക്കബ് ജോർജ് എന്നിവർ പങ്കെടുത്തു. കേരളത്തിൽ ഫുട്ബാൾ അക്കാദമി തുടങ്ങാനുള്ള കാര്യങ്ങൾ ചർച്ചചെയ്ത് സഹായം നൽകാൻ ശ്രമിക്കുമെന്നും വിശദമായ തുടർ ചർച്ചകൾ നടത്തുമെന്നും മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.