അമ്പിളി ടീച്ചറെ വടംകെട്ടി 'രക്ഷിച്ച്' അഗ്നിരക്ഷ സേന
text_fieldsതിരൂർ: വിദ്യാർഥികൾക്ക് മുന്നിൽ ടീച്ചറെ വടം കെട്ടി രക്ഷിച്ച് അഗ്നിരക്ഷ സേന. കിണറ്റിൽ വീണ ആളെ എങ്ങനെ വടംകെട്ടി മുകളിലെത്തിക്കാം എന്ന് കാണിക്കുന്നതിന് മാതൃകയായി നിന്നുകൊടുത്തതാണ് അധ്യാപികയായ അമ്പിളി. അധ്യാപികയെ വടത്തിലൂടെ മുകളിലേക്കുയർത്തുന്ന കാഴ്ച കുട്ടികൾക്ക് ഒരേ സമയം അമ്പരപ്പും അതിശയവുമുണർത്തിയ അനുഭവമായി. അഗ്നിസുരക്ഷ കേന്ദ്രത്തിൽ തൃക്കണ്ടിയൂർ പി.പി.എൻ.എം.എ.യു.പി സ്കൂൾ വിദ്യാർഥികൾക്ക് ഒരുക്കിയ ക്ലാസ് ആയിരുന്നു വേദി.
തിരൂർ അഗ്നിരക്ഷ സേന സ്റ്റേഷൻ ഓഫിസർ കെ.എം. പ്രമോദ്കുമാർ കുട്ടികൾക്ക് അപകടമേഖലയിലെ പ്രാഥമിക പാഠങ്ങൾ പകർന്നുനൽകി. വെള്ളത്തിൽ അകപ്പെട്ടയാളുകൾക്കും തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയ മുതിർന്നവർക്കും നവജാത ശിശുക്കൾക്കും നൽകേണ്ട പ്രാഥമിക ശുശ്രൂഷകൾ, കിണറ്റിലും കെട്ടിടങ്ങൾക്ക് മുകളിലും കുടുങ്ങിയവരെ വടം ഉപയോഗിച്ച് രക്ഷിക്കുന്ന രീതികൾ, വിവിധ പ്രദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ ഗ്യാസ് കട്ടർ ഉപയോഗിച്ച് രക്ഷിക്കുന്ന മാർഗങ്ങൾ, അഗ്നിബാധ നേരിടുമ്പോൾ വിവിധ ശൈലികളിൽ വെള്ളം പമ്പ് ചെയ്യുന്ന രീതികൾ തുടങ്ങിയവ വിദ്യാർഥികൾക്ക് പ്രവർത്തിച്ചു കാണിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി. സുനിൽകുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ രമേശ്ബാബു, ജേക്കബ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ സതീഷ് കുമാർ, പ്രജിത്, അഖിൽ, രമേശ്, അഭിലാഷ്, ജിബിൻ എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപിക സുജാത, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് അഷറഫ്, വൈസ് പ്രസിഡന്റ് പി.വി. പ്രമോദ്കുമാർ, സ്റ്റാഫ് സെക്രട്ടറി നബീസു, ഷൈജു, അധ്യാപകരായ മിനി, അമ്പിളി, ജിഷ, രജനി, സുർജിത്, സുജീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.