എൻജിന് തകരാർ, മത്സ്യബന്ധന ബോട്ട് അപകടത്തിൽപെട്ടു; കോസ്റ്റല്‍ പൊലീസിനെ വിളിച്ചപ്പോൾ രക്ഷിക്കാൻ കയറില്ലെന്ന്
text_fieldsതിരൂർ: എൻജിന് തകരാറിലായതിനെ തുടർന്ന് അപകടത്തിൽപെട്ട മത്സ്യബന്ധന ബോട്ടിലുള്ളവർ സഹായം തേടിയിട്ടും കോസ്റ്റല്‍ പൊലീസ് രക്ഷക്കെത്തിയില്ലെന്ന് പരാതി.
മത്സ്യബന്ധനത്തിനുപോയ ബോട്ടാണ് ബുധനാഴ്ച വൈകീട്ട് ഏഴോടെ ഉണ്യാല്‍ അഴീക്കലില്‍ എൻജിന് തകരാർ മൂലം അപകടത്തില്‍പെട്ടത്. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് ബോട്ടിലുള്ളവരെ രക്ഷപ്പെടുത്തിയത്. ബുധനാഴ്ച പുലര്‍ച്ചയാണ് പൊന്നാനിയില്‍നിന്ന് നാല് മത്സ്യത്തൊഴിലാളികളുമായി ആയിഷ ഫിഷിങ് ബോട്ട് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്.
ഉണ്യാല്‍ അഴീക്കലില്‍ ഫിഷിങ് ബോട്ടിന്റെ പ്രൊപ്പല്ലറില്‍ വല കുരുങ്ങിയതിനെ തുടര്‍ന്ന് എൻജിന് തകരാറിലായത്. ഉടനെ കോസ്റ്റല്‍ പൊലീസിനെ അറിയിച്ചെങ്കിലും ബോട്ട് കെട്ടിവലിക്കാനുള്ള കയർ കൈവശമില്ലെന്നും ബോട്ടിലുള്ള കയർ എത്തിച്ച് തന്നാല്‍ ശ്രമിക്കാമാമെന്നായിരുന്നു കോസ്റ്റൽ പൊലീസിന്റെ മറുപടിയെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.
തുടർന്ന് പുതിയകടപുറം പ്രദേശത്തുള്ള മൂന്ന് മത്സ്യത്തൊഴിലാളികൾ നീന്തി അപകടത്തിൽപെട്ട ബോട്ടിലെ കയർ കോസ്റ്റല്‍ പൊലീസിന് എത്തിച്ചുനല്‍കി.
ഒന്നരമണിക്കൂറിനുശേഷം ബോട്ട് വലിക്കുന്നതിനിടെ കയർ പൊട്ടി വീണ്ടും അപകടത്തില്‍പെട്ടു. ഇതോടെ കോസ്റ്റല്‍ പൊലീസ് കയ്യൊഴിഞ്ഞെന്ന് അപകടത്തില്‍നിന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളി പറഞ്ഞു. പിന്നീട് അഴീക്കലിലെ നാട്ടുകാർ പൊട്ടിയ റോപ്പ് പിടിച്ചുവലിച്ച് കരക്കെത്തിച്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു.
പൊന്നാനി സ്വദേശികളായ ടി.എം. ഫസലുറഹ്മാന്, കെ. മുഹമ്മദ് അഷറഫ്, സി. അബൂബക്കര്‍, സി.എന്‍. ഹംസത്ത് എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽപെട്ട ബോട്ടിന് പത്തുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.