അയ്യപ്പഭക്തർ സഞ്ചരിച്ച ബസും പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
text_fieldsതിരൂർ: ആലത്തിയൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. കൊണ്ടോട്ടി മിനി ഊട്ടി സ്വദേശി ബത്തൽകുമാർ (25), കുറുമ്പടി ചളിപ്പറമ്പിൽ മുഹമ്മദ് ഷരീഫ് (46), നടുവട്ടം പന്തീരാങ്കാവ് സുധീഷ് (38), ആനക്കര സ്വദേശി മൊയ്തീൻകുട്ടി (34), കോഴിക്കോട് സ്വദേശി ജിതേന്ദ്രൻ (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലത്തിയൂർ പഞ്ഞൻപടിയിൽ ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നോടെയാണ് അപകടം. അയ്യപ്പഭക്തർ സഞ്ചരിച്ച സ്വകാര്യ ടൂറിസ്റ്റ് ബസും ബൊലേറോ പിക്കപ്പ്വാനും ബുള്ളറ്റ് ബൈക്കുമാണ് അപകടത്തിൽപെട്ടത്. പിക്കപ്പ്വാൻ ബൈക്കിനെ മറികടക്കാൻ ശ്രമിക്കവെ കോഴിക്കോട്ടുനിന്നു വരുകയായിരുന്ന ബസിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെ മുൻഭാഗം പൂർണമായി തകർന്നു.
ബസിന്റെ മുൻഭാഗവും ബൈക്കും ഭാഗികമായും തകർന്നു. പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. അപകടം നടന്ന ഉടൻ നാട്ടുകാരും ഫയർഫോഴ്സും പൊലീസും രക്ഷാപ്രവർത്തനം നടത്തി. ആലത്തിയൂർ-ബി.പി അങ്ങാടി റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കഴിഞ്ഞ ആഴ്ച ഇതേ സ്ഥലത്ത് സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.