ഇനി സെവൻസാരവം; ഫുട്ബാൾ ടൂർണമെന്റുകൾക്കൊരുങ്ങി നാട്
text_fieldsതിരൂർ: താഴെപ്പാലം കേന്ദ്രമായി കഴിഞ്ഞ നാല് പതിറ്റാണ്ടായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന തിരൂർ ബ്രദേഴ്സ് ക്ലബിന്റെ ഫുട്ബാൾ ടൂർണമെന്റ് ഡിസംബർ ഒന്ന് മുതൽ ഉണ്യാലിൽ നടക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിന് വേണ്ടിയാണ് ഫിഷറീസ് സ്റ്റേഡിയത്തിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റ് വിജയിപ്പിക്കുന്നതിന് നിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും ക്ലബ് സെക്രട്ടറി ജനറൽ കൺവീനറായും കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
കേരളത്തിലെ മികച്ച 24 ടീമുകൾ പങ്കെടുക്കുന്ന ജില്ലയിലെ ഈ സീസണിലെ ആദ്യത്തെ ടൂർണമെന്റാണ് ബ്രദേഴ്സ് ക്ലബ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
ടൂർണമെന്റ് വെള്ളിയാഴ്ച രാത്രി എട്ടിന് താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നി ഉദ്ഘാടനം ചെയ്യും. സെവൻസ് ഫുട്ബാൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എം. ലെനിൻ, നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ, വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി, ടൂർണമെന്റ് കമ്മിറ്റി സംസ്ഥാന സെക്രട്ടറി സലാഹുദ്ദീൻ മമ്പാട്, ട്രഷറർ ഹംസ തിരൂരങ്ങാടി, സെവൻസ് ഫുട്ബാൾ അസോസിയേഷൻ ജില്ല പ്രസിഡന്റ് യാഷിക്ക് മഞ്ചേരി എന്നിവർ പങ്കെടുക്കും.
ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിലെ ലാഭവിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രദേശത്തെ കായിക പ്രതിഭകൾക്കും വേണ്ടി വിനിയോഗിക്കുമെന്നും സംഘാടകർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കാസിം ബാവ, യൂസഫ് അലി, വി. നന്ദൻ, പി. ഷാനവാസ് എന്നിവർ പങ്കെടുത്തു.
താനാളൂർ ഫുട്ബാൾ അക്കാദമി സെവൻസ് ടൂർണമെന്റ്
താനൂർ: താനാളൂർ ഫുട്ബാൾ അക്കാദമി സംഘടിപ്പിക്കുന്ന ഒന്നാമത് അഖില കേരള സെവൻസ് ടൂർണമെന്റിന് നാളെ തുടക്കമാവുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എല്ലാ ദിവസവും വൈകീട്ട് ഏഴിന് പഞ്ചായത്ത് ഇ.എം.എസ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.
അഖില കേരള സെവൻസ് ഫുട്ബാൾ മത്സരത്തോടൊപ്പം വെറ്ററൻസ്, അണ്ടർ ട്വന്റി മത്സരങ്ങളും ഉൾപ്പെടെ ദിവസവും മൂന്ന് മത്സരങ്ങൾ നടക്കും. സ്റ്റേഡിയം പരിപാലനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടിയാണ് ജനകീയ കൂട്ടായ്മയിൽ ഫുട്ബാൾ മത്സരം സംഘടിപ്പിക്കുന്നത്.
മത്സരം വൈകിട്ട് ഏഴിന് താനൂർ പൊലീസ് സബ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് ഉദ്ഘാടനം ചെയ്യും. ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ജലീൽ മയൂര മുഖ്യാതിഥിയാവും. പഴയകാല ഫുട്ബാൾ താരങ്ങളായ ടി. മൊയ്തുട്ടി, വി. മുസ്തഫ എന്നിവരെ ആദരിക്കും.
ഉദ്ഘാടന മത്സരത്തിൽ അൽ ശബാബ് ആട്ടില്ലം പരപ്പനങ്ങാടി, ഹെർബോ കോള പുതിയ കടപ്പുറവുമായി മത്സരിക്കും. വാർത്തസമ്മേളനത്തിൽ വി. അബ്ദു റസാഖ്, അബ്ദുൽ മജീദ് മംഗലത്ത്, ടി. അദ്രുഹാജി, മുജീബ് താനാളൂർ, നാസർ കുന്നത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.