സർക്കാർ വാർഷികം: മെഗാ മേളയിൽ 47 ലക്ഷത്തിന്‍റെ വിറ്റുവരവ്
text_fieldsതിരൂർ: സംസ്ഥാന സർക്കാറിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് തിരൂരിൽ നടന്ന 'എന്റെ കേരളം' വിപണനമേള 47 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി റെക്കോഡ് നേട്ടം കൈവരിച്ചു. വിവിധ വകുപ്പുകളുടെ വിപണന സ്റ്റാളുകളും ഫുഡ്‌കോര്‍ട്ടുമാണ് നേട്ടം കൊയ്തത്. വിവിധ വകുപ്പുകളിലൂടെയും വ്യവസായ വകുപ്പിന്റെ വിവിധ സംരംഭക യൂനിറ്റുകളടക്കമുള്ള 100 വിപണന സ്റ്റാളുകളിലൂടെയും 25 ലക്ഷം രൂപയുടെ വരുമാനവും കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടിലൂടെ 15 ലക്ഷത്തിന്‍റെയും ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി ഫുഡ്‌കോര്‍ട്ടില്‍ 3,60,000 രൂപയുടെയും മില്‍മയുടെ ഔട്ട്‌ലറ്റില്‍ 3.5 ലക്ഷം രൂപയുടെ വില്‍പനയും നടന്നു.
35 ലക്ഷം രൂപയുടെ ഉല്‍പന്നങ്ങള്‍ക്ക് ഇതിനകം ബുക്കിങ് നേടാനായി. ഇതിനുപുറമേ പാലിയേറ്റിവ്, പ്രതീക്ഷ ഭവന്‍ തുടങ്ങിയ വിവിധ യൂനിറ്റുകൾ ഒരുക്കിയ സ്റ്റാളുകളും റെക്കോഡ് വരുമാനം നേടി. വ്യവസായ വകുപ്പിന്റെ കീഴിലുള്ള 73 സംരംഭക യൂനിറ്റുകളും കുടുംബശ്രീയുടെ 15 യൂനിറ്റുകളും മറ്റ് വകുപ്പുകളുടെ സ്റ്റാളുകളുമാണ് മേളയില്‍ പങ്കെടുത്തത്.
കുടുംബശ്രീയുടെ മുത്തൂസ് കാറ്ററിങ് യൂനിറ്റാണ് ഫുഡ്‌കോര്‍ട്ടില്‍ കൂടുതല്‍ വരുമാനം നേടിയത്. അട്ടപ്പാടി ഊരുകളില്‍നിന്നുള്ള വനസുന്ദരി ചിക്കന്‍ വിഭവവും എറണാകുളത്ത് നിന്നുള്ള ട്രാന്‍സ്ജെന്‍ഡര്‍ യുവതികള്‍ നടത്തിയ ലക്ഷ്യ ജ്യൂസ് സ്റ്റാളും തലക്കാട് പ്രവാസി യൂനിറ്റിന്റെ മലബാര്‍ സ്‌നാക്‌സും കുടുംബശ്രീക്ക് കൂടുതല്‍ വിറ്റുവരവ് നേടികൊടുത്തു. ചിക്കന്‍ പൊട്ടിത്തെറിച്ചത്, കരിംജീരക കോഴി, നൈസ് പത്തിരി, പഴം നിറച്ചത്, കുഞ്ഞിത്തലയണ എന്നിവക്കൊപ്പം ഉന്നക്കായ, ചട്ടിപത്തിരി തുടങ്ങിയ മലബാര്‍ സ്നാക്സ് ഇനങ്ങളടക്കം വൈവിധ്യമാര്‍ന്ന രുചിവിഭവങ്ങള്‍ ഒരുക്കിയാണ് കുടുംബശ്രീ ജനങ്ങളെ ആകര്‍ഷിച്ചത്. ഫിഷറീസ് വകുപ്പ് തീരമൈത്രിയുടെ നേതൃത്വത്തില്‍ വ്യത്യസ്തമായ മത്സ്യവിഭവങ്ങള്‍ ഒരുക്കിയും ജനങ്ങളെ ആകര്‍ഷിച്ചു. കോവിഡ് മഹാമാരിക്കും ലോക്ഡൗണിനും ശേഷം പ്രതിസന്ധിയിലായ സംരംഭകര്‍ക്ക് പിന്തുണയും പ്രോത്സാഹനവുമായിരിക്കുകയാണ് മേള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.