ഗ്രീൻഫീൽഡ് പാത കല്ലിടൽ: ഇരകളുടെ പ്രതിഷേധം; ഉദ്യോഗസ്ഥ സംഘം മടങ്ങി
text_fieldsതുവ്വൂർ: ഗ്രീൻഫീൽഡ് പാതക്ക് സ്ഥലം ഏറ്റെടുക്കാൻ വന്ന ഉദ്യോഗസ്ഥർ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങി. തുവ്വൂർ ഗ്രാമപഞ്ചായത്തിലെ മരുതത്ത് തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മുൻകൂട്ടി അറിയിക്കാതെയും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരില്ലാതെയും സംഘം എത്തിയതാണ് പാതയുടെ ഇരകളെയും നാട്ടുകാരെയും ചൊടിപ്പിച്ചത്.
ഗ്രീൻഫീൽഡ് പാതയിൽ കൂടുതൽ വീടുകളും പുരയിടവും നഷ്ടപ്പെടുന്ന പഞ്ചായത്തുകളിലൊന്നാണ് തുവ്വൂർ. ഏറ്റവും കൂടുതൽ പരാതികൾ വന്നതും ഇവിടെനിന്നാണ്. തിങ്കളാഴ്ച ഉച്ചയോടെ കല്ലിടാനൊരുങ്ങി തുവ്വൂർ-പാണ്ടിക്കാട് പഞ്ചായത്തുകളുടെ അതിർത്തിയായ വിലങ്ങുംപൊയിലിൽ സംഘമെത്തിയത് പഞ്ചായത്ത് പ്രസിഡന്റിനെ പോലും അറിയിക്കാതെയാണ്. മാത്രമല്ല സ്ഥലം ഏറ്റെടുക്കൽ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറും മറ്റു ഉന്നത ഉദ്യോഗസ്ഥരും കൂടെയില്ലായിരുന്നു.
കല്ലിടാനായി കുറ്റിയടിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ ചോദ്യം ചെയ്തു. വീടുകൾ, പുരയിടം, റബർ ഉൾപ്പെടെയുള്ള മരങ്ങൾ എന്നിവയുടെ നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത വേണമെന്ന് ആളുകൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉറപ്പുനൽകാൻ തങ്ങൾക്ക് കഴിയില്ലെന്ന് സംഘം പറഞ്ഞു. എങ്കിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും ഡെപ്യൂട്ടി കലക്ടറുടെയും സാന്നിധ്യത്തിൽ കല്ലിട്ടാൽ മതിയെന്ന് നാട്ടുകാരും പറഞ്ഞു. ഇതോടെയാണ് സംഘം മടങ്ങിയത്. കരുവാരകുണ്ട് പൊലീസും സ്ഥലത്തെത്തി.
നഷ്ടപരിഹാരം: വ്യക്തത വേണമെന്ന് ആക്ഷൻ കൗൺസിൽ
തുവ്വൂർ: കൃഷിയിടങ്ങളിലും പുരയിടങ്ങളിലും ഗ്രീൻഫീൽഡ് പാതക്കായി കല്ലിടും മുമ്പ് നഷ്ടപരിഹാര വിഷയത്തിൽ വ്യക്തമായ തീരുമാനം വേണമെന്ന് തുവ്വൂർ ആക്ഷൻ കൗൺസിൽ. റബർ മരങ്ങൾക്ക് നഷ്ടപരിഹാരം എത്രയെന്ന് അധികൃതർ പറയുന്നില്ല. അഞ്ചു കി.മീ. ചുറ്റളവിൽ അഞ്ചുവർഷത്തിനിടെ നടന്ന രജിസ്ട്രേഷനിലെ ഉയർന്ന വിലയുടെ 2.4 ഇരട്ടിയാണ് സ്ഥലത്തിന് നഷ്ടപരിഹാരം ലഭിക്കുക എന്ന് പറയപ്പെടുന്നു. ഇത് വളരെ കുറഞ്ഞ വിലയാണ്. പാത മൂലം വിഭജിക്കപ്പെടുന്ന ഭൂമിക്കും ഒരുഭാഗം പോകുന്ന വീടുകൾക്കും നഷ്ടപരിഹാരം നാമമാത്രമാണ്. ഉത്തരവാദപ്പെട്ടവരില്ലാതെ കല്ലിടാൻ വരുന്നതിൽ ദുരൂഹതയുണ്ടെന്നും കൗൺസിൽ അംഗങ്ങൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.